17ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
താരാട്ടാൻ തൊട്ടിലൊരുങ്ങി

ബീച്ച് ജനറൽ ആശുപത്രിയിൽ ഉദ്ഘാടനത്തിനൊരുങ്ങിയ അമ്മത്തൊട്ടിലിന്റെ രൂപരേഖ
സ്വന്തം ലേഖിക
കോഴിക്കോട്
ആരോരുമില്ലാത്ത കുഞ്ഞിളം പൈതങ്ങൾക്ക് താരാട്ടുപാടാൻ അമ്മത്തൊട്ടിൽ ഒരുങ്ങി. സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ ബീച്ച് ജനറൽ ആശുപത്രിയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക തൊട്ടിലാണിത്. 17ന് പകൽ മൂന്നരയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെയും മുൻ എംഎൽഎ എ പ്രദീപ് കുമാറിന്റെയും ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് അമ്മത്തൊട്ടിൽ നിര്‍മിച്ചത്.
പ്രവര്‍ത്തനം ഇങ്ങനെ:
കുഞ്ഞുമായെത്തുന്നവര്‍ അമ്മത്തൊട്ടിൽ സ്ഥാപിച്ച മുറിക്ക് മുന്നിലെ സ്വിച്ച് അമര്‍ത്തുന്നതോടെ വാതിൽ തുറക്കും. തൊട്ടിലിൽ കുഞ്ഞിനെ വച്ചുകഴിഞ്ഞാൽ സെൻസര്‍ സംവിധാനം ഉപയോഗിച്ച് മുറിക്കുള്ളിലെ വെളിച്ചവും ടെലിവിഷനും പ്രവര്‍ത്തിക്കും. തുടര്‍ന്ന് ടെലിവിഷനിൽനിന്ന് നേരത്തേ റെക്കോര്‍ഡ് ചെയ്തുവച്ച ശബ്ദസന്ദേശം കേൾക്കാം. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാമെന്ന് തീരുമാനിച്ചെങ്കിൽ മാത്രം തിരിച്ചുപോകാമെന്നും കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്നുമാണ് സന്ദേശത്തിന്റെ സാരം. മുറിക്കുള്ളിൽനിന്ന് വ്യക്തി തിരിച്ചുപോയശേഷം മാത്രം മുറിയിലെ ക്യാമറ പ്രവര്‍ത്തിക്കുകയും കുഞ്ഞിന്റെ ഫോട്ടോയെടുക്കുകയും ചെയ്യും. കുഞ്ഞിനെ ഉപേക്ഷിച്ചയാളുടെ സ്വകാര്യത ഉറപ്പാക്കിയാണിത്. ഫോട്ടോയും കുഞ്ഞിന്റെ ഭാരവും യഥാസമയം രേഖയാകും.
അടഞ്ഞ വാതിൽ പിന്നീട് ശിശുക്ഷേമസമിതിയുടെ പ്രത്യേക കാര്‍ഡ് ഉപയോഗിച്ചുമാത്രമേ തുറക്കാനാകൂ. ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടെത്തി കുഞ്ഞിനെ ഉടൻ സുരക്ഷിതസ്ഥാനത്തെത്തിക്കും. തുടര്‍ന്ന് ശിശുക്ഷേമസമിതിക്ക് കൈമാറുകയും ശിശുക്ഷേമ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും.
മെഡിക്കൽ കോളേജ് പാലിയേറ്റീവ് കെയറിന് സമീപത്തെ ശിശു വികാസ് ഭവനിൽ മാത്രം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട എട്ട് കുട്ടികളുണ്ട്. നിരവധി പേരെ പലയിടങ്ങളിൽനിന്നുള്ളവര്‍ ദത്തെടുത്തെന്നും ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി പി ശ്രീദേവ് പറഞ്ഞു.










0 comments