Deshabhimani

മഴ കനക്കുന്നു; ഇന്ന്‌ റെഡ്‌ അലർട്ട്‌

ഓവുചാലുകൾ അടഞ്ഞതോടെ മാവൂർ റോഡ് കെഎസ്ആർടിസിക്ക് സമീപം വെള്ളം പൊങ്ങിയപ്പോൾ

ഓവുചാലുകൾ അടഞ്ഞതോടെ മാവൂർ റോഡ് കെഎസ്ആർടിസിക്ക് സമീപം വെള്ളം പൊങ്ങിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 25, 2026, 01:25 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ഇടവേളയ്ക്കുശേഷം ജില്ലയിൽ വീണ്ടും മഴ കനക്കുന്നു. മഴ ശക്തിയാർജിച്ചതോടെ ജില്ലയിലെ പലയിടത്തും മഴക്കെടുതി രൂക്ഷമായി. കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ശനിയാഴ്ചയും തുടർന്നു. അതിശക്തമായ മഴയ്ക്ക്‌ സാധ്യതയുള്ളതിനാൽ ഞായറാഴ്ച ജില്ലയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തിങ്കളാഴ്ച മഞ്ഞ അലർട്ടുമാണ്‌. മഴ മാറി അന്തരീക്ഷം സാധാരണ നിലയിലാകുംവരെ ജില്ലയിലെ എല്ലാ ക്വാറി പ്രവർത്തനങ്ങളും പാറ പൊട്ടിക്കലും നിരോധിച്ചിട്ടുണ്ട്‌. ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ പ്രവേശനത്തിനും നിയന്ത്രണമുണ്ട്‌. ശനി രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ വടകരയിലാണ്‌ കൂടുതൽ മഴ പെയ്തത്‌. 127.5 മില്ലി മീറ്റർ മഴ. കുറ്റ്യാടി ഡാം 118 മില്ലി മീറ്റർ, കൊയിലാണ്ടി 104 മില്ലി മീറ്റർ, കോഴിക്കോട്‌ 92.8 മില്ലി മീറ്റർ, താമരശേരി 90.4 മില്ലി മീറ്റർ, വാണിമേൽ 78 മില്ലി മീറ്റർ എന്നിങ്ങനെ ജില്ലയിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു. ​വിദ്യാഭ്യാസ 
സ്ഥാപനങ്ങൾക്ക് 
അവധി കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റു കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. എന്നാൽ, ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികളെടുക്കണം. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം. കനത്ത മഴയുള്ള സമയങ്ങളിൽ വിദ്യാർഥികൾ ജലാശയങ്ങൾ, തോടുകൾ, മരങ്ങൾക്കുസമീപം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാൻ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണം. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home