ad
Deshabhimani

ദുരിതപ്പെയ്‌ത്ത്‌

Rain
വെബ് ഡെസ്ക്

Published on Aug 03, 2026, 01:57 AM | 2 min read

കോഴിക്കോട്‌

ശനി രാവിലെ 8.30 മുതൽ ഞായർ രാവിലെ 8.30വരെ കോഴിക്കോട്‌– 119.4 മില്ലി മീറ്റർ, കൊയിലാണ്ടി– 130 മി.മീ, വടകര–155 മി.മീ മഴ ലഭിച്ചു. ഓട്ടോമാറ്റിക്‌ മഴ മാപിനിയുള്ള സ്‌റ്റേഷനുകളായ ഉറുമി–187.5 മി.മീ, കുന്നമംഗലം– 145.5 മി.മീ, വിലങ്ങാട്‌– 72.5 മി.മീ, വടകര–169 മി.മീ മഴ കഴിഞ്ഞദിവസം രേഖപ്പെടുത്തി. കക്കയത്ത്‌– 257 മി.മീ, പെരുവണ്ണാമൂഴി–198 മി.മീ, ആനക്കാംപൊയിൽ 283 മി.മീ മഴയുമാണ്‌ ലഭിച്ചത്‌. കാലവർഷം ആരംഭിച്ചതിന്‌ ശേഷം താരതമ്യേന കൂടിയ അളവിൽ മഴ ലഭിച്ചത്‌ കഴിഞ്ഞ ദിവസങ്ങളിലാണ്‌. കനത്ത മഴയിൽ നഗരത്തിനടുത്തുള്ള മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ശനി രാത്രിമുതല്‍തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. മിക്ക വീട്ടുകാരും ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. ഇരുപതോളം വീട്ടുകാരാണ് മാവൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറി താമസിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോല്‍ താഴം, വിരുപ്പില്‍, ഇഷ്ടിക ബസാര്‍, പാഴൂര്‍ മേഖലകളിലും നിരവധി വീടുകളില്‍ വെള്ളം കയറി. ചാത്തമംഗലം സങ്കേതത്തില്‍ മാവൂര്‍ ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. പെരുവയല്‍ പഞ്ചായത്തിലും വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണ്. പള്ളിക്കടവ്, കായലം ഭാഗങ്ങളിലാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. ഇവിടെയും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കുറ്റിക്കാട്ടൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു. യാത്രക്കാരെ ഇറക്കി വരുന്ന വഴി നിയന്ത്രണം വിട്ട് കുറ്റിക്കാട്ടൂര്‍ പേര്യ തോട്ടിലേക്ക് ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവര്‍ മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഡ്രൈവര്‍ തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഒഴുകിപ്പോയ ഓട്ടോറിക്ഷ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ട് കരയ്ക്കുകയറ്റി. മാവൂരില്‍ ചെറുപുഴ കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളംകയറി. തെങ്ങിലക്കടവ് ഭാഗത്ത് ചെറുപുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ശക്തമായ കുത്തൊഴുക്ക് രൂപപ്പെട്ടു. തെങ്ങിലക്കടവില്‍ അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. ബാലുശേരി ഉണ്ണികുളം മൂന്നാം വാര്‍ഡ് വാകേരിയില്‍ വീട് തകര്‍ന്നു. ശശി പൂളയുള്ളതിലിന്റെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നുവീണത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഓടിട്ട മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ശശിയും ഭാര്യ പത്മിനിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home