ad
Deshabhimani

ഫറോക്ക് റെയിൽവേ സ്റ്റേഷന് പുതുമുഖം

നവീകരിച്ച ഫറോക്ക് റെയിൽവേ സ്റ്റേഷൻ

നവീകരിച്ച ഫറോക്ക് റെയിൽവേ സ്റ്റേഷൻ

വെബ് ഡെസ്ക്

Published on Aug 28, 2026, 01:21 AM | 1 min read

സ്വന്തം ലേഖകൻ ഫറോക്ക് ​ നവീകരണ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി ഫറോക്ക് റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി 10.68 കോടി രൂപ ചെലവഴിച്ച്‌ രണ്ട്‌ ഘട്ടങ്ങളിലായായിരുന്നു നവീകരണം. പ്രധാന നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്‌. ചെറിയ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. സ്‌റ്റേഷന്റെ പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ച് വിശാലമായരീതിയിൽ പുതുക്കിപ്പണിതു. ഇരു പ്ലാറ്റ്ഫോമുകൾക്കും മുഴുവൻ മേൽക്കൂരയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുഭാഗത്തും ലിഫ്റ്റ് സൗകര്യം, ഒന്നാം പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങൾ, ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, വിശാലമായ പാർക്കിങ് ഏരിയ, മേൽക്കൂരയോടെ വാഹന പാർക്കിങ് സൗകര്യം, വിഐപി ലോഞ്ച്, റിട്ടയറിങ് റൂം, ഡിസ്‌പ്ലേ സംവിധാനങ്ങൾ, വാട്ടർ ബൂത്തുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ തുടങ്ങിയവയെല്ലാം നവീകരണ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌. ​കൂടാതെ, സ്റ്റേഷൻ പ്രവേശന കവാടം ഡ്രെയ്നേജ് ഉൾപ്പെടുത്തി വീതികൂട്ടുകയും വാഹനങ്ങൾക്ക് പ്രവേശിക്കാൻ വീതിയേറിയ റോഡും നിർമിച്ചു. പരിസരം ചെടികൾ പിടിപ്പിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന ഭാഗത്ത് ഫറോക്കിന്റെ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്ന ചിത്രങ്ങളും വരച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം, മലബാറിലെ പ്രധാന വ്യവസായ മേഖലയായ ചെറുവണ്ണൂർ നല്ലളം, ബേപ്പൂർ തുറമുഖം, കിൻഫ്ര വ്യവസായ പാർക്ക്, സൈബർ പാർക്ക്, കലിക്കറ്റ് സർവകലാശാല, മറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം പോകാൻ നിരവധി പേരാണ്‌ ഫറോക്ക് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home