100 ഏക്കറിൽക്കൂടി പച്ചത്തുരുത്തുകൾ

പച്ചത്തുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം വേളം പഞ്ചായത്ത് ഉത്തായി മണപ്പുറത്ത് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിക്കുന്നു
കോഴിക്കോട്
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന പച്ചത്തുരുത്തുകൾ 100 ഏക്കറിൽക്കൂടി നാമ്പിടും. നിലവിൽ 56.76 ഏക്കറിലായി 168 പച്ചത്തുരുത്തുകളുണ്ട്. പുതുതായി 134 സ്ഥലങ്ങളിലായി 70 ഏക്കർ കൂടി പച്ചത്തുരുത്തിനായി കണ്ടെത്തിയിട്ടുണ്ട്. 10നുള്ളിൽ 15 ഏക്കറിലായി 45 പച്ചത്തുരുത്തുകൾ സ്ഥാപിക്കും. തരിശ് ഭൂമി കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്നതാണ് പദ്ധതി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകൾ ഒരുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തുന്നത്. ചുരുങ്ങിയത് അരസെന്റ് മുതലുള്ള ഭൂമിയിലാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളടക്കം അനുയോജ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കാനും പച്ചത്തുരുത്തുകൾക്ക് നിർണായക പങ്കുണ്ട്. അന്തരീക്ഷത്തിലെ അധിക കാർബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാർബൺ കലവറകളായി വർത്തിക്കുന്ന പച്ചത്തുരുത്തുകൾ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ജൈവവൈവിധ്യ ബോർഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ് സാമൂഹ്യവനവൽക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം വേളം പഞ്ചായത്ത് ഉത്തായി മണപ്പുറത്ത് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.









0 comments