ആദിത്യൻ നട്ടുനനച്ച പച്ചപ്പ്

ആദിത്യൻ നടാനുള്ള തൈയുമായി
ഒഞ്ചിയം
മധുരം നുണയാൻ കൊതിയേറും പ്രായത്തിൽ മരംനടുന്നത് ആദിത്യന് മറ്റെന്തിനേക്കാളും മധുരതരം. പരിസ്ഥിതി ദിനങ്ങളിൽ മാത്രമല്ല കുഞ്ഞുന്നാളിലേ പച്ചപ്പിനെ പ്രണയിക്കുകയാണ് ഈ ഏഴ് വയസ്സുകാരൻ. ഒഞ്ചിയം പാറയുള്ള പറമ്പത്ത് ആദിത്യൻ വെള്ളികുളങ്ങര എൽപിയിലെ രണ്ടാം ക്ലാസുകാരനാണ്. ഒന്നാം പിറന്നാളിന് വീട്ടുപറമ്പിൽ രക്ഷിതാക്കളുടെ മുൻകൈയിൽ നട്ട വൃക്ഷത്തൈ പിന്നീട് ആദിത്യന്റെ പരിചരണത്തിൽ വളർത്തി വലുതാക്കി. ഓരോ പിറന്നാളിനും പറമ്പിലും പാതയോരങ്ങളിലും വൃക്ഷത്തൈകൾ നട്ടു. ഇതിനകം ഈ കുരുന്ന് വളർത്തി വലുതാക്കിയ വൃക്ഷത്തൈകൾ നൂറുകണക്കിന്. കൂട്ടുകാർക്കും നാട്ടുകാർക്കും ആദിത്യന്റെ വക നൽകുന്ന പിറന്നാൾ സമ്മാനവും വൃക്ഷത്തൈകൾ തന്നെ. പഠനകാര്യങ്ങളിൽ മിടുക്കനായ ആദിത്യൻ ഔഷധ സസ്യങ്ങൾ വളർത്തുന്നതിലും പച്ചക്കറി കൃഷിയിയിലും സജീവമാണ്. ആദിത്യന് പിന്തുണയേകാൻ സ്കൂളിൽ അധ്യാപകരും സഹപാഠികളുമുണ്ട്. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് ആദിത്യൻ നൽകിയ നിവേദനം ചർച്ചയായി. പിറന്നാൾ ദിനങ്ങളിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ സമ്മാനമായി നൽകാൻ സ്കൂൾ അധികൃതരും രക്ഷിതാക്കളും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നടപടി സ്വീകരിക്കുമെന്ന മറുപടിക്കത്ത് ആദിത്യൻ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും ചരിത്രകാരനും അധ്യാപകനുമായ പി പി ഷാജുവിന്റെയും കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥ ലിഗിഷയുടെയും മകനാണ്.









0 comments