ഒരുമിച്ചാണ്, കലയിലും ജീവിതത്തിലും

ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനത്തിൽ ഡോ. ടിഎം രഘുറാമും, ഭാര്യ നവനീതം രഘുറാമും ചിത്രങ്ങൾക്കരികെ
കോഴിക്കോട്
കലയിലും ജീവിതത്തിലും കൈകോർത്ത് ഒരേ പാതയിൽ നടക്കുകയാണ് ഡോ. ടി എം രഘുറാമും ഭാര്യ നവനീതം രഘുറാമും. ഒരേ അഭിരുചിയുള്ളവർ ജീവിതത്തിലും ഒന്നായപ്പോൾ വർണങ്ങളുടെ വലിയ ലോകം കൂടി പിറന്നു. ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ടുഗതർ ഇൻ ആർട് എന്ന പേരിലാണ് ദമ്പതികളുടെ ചിത്രപ്രദർശനം. എഴുപതിനടുത്ത് പ്രായമുള്ള ദമ്പതികൾ ഒഴിവുസമയങ്ങളിൽ വരച്ച 65 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. പ്രകൃതിയും സ്ത്രീയുമെല്ലാം തീമായ പേസ്റ്റൽ പെൻസിൽ ചിത്രങ്ങളാണ് രഘുറാമിന്റേത്. ഗോണ്ട് ട്രൈബൽ ആർട്ടിലും സെന്റാഗിൾ വരയിലുമുള്ള 35 ചിത്രങ്ങളാണ് നവനീതം വരച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ച് ആദ്യമായാണ് പ്രദർശനം നടത്തുന്നത്. കല തന്നെ തെറാപ്പിയാണെന്നും ക്ലിനിക്കിൽ വരുന്നവർക്കും വരയും സംഗീതവുമെല്ലാം നിർദേശിക്കാറുണ്ടെന്നും ഡോ. ടി എം രഘുറാം പറഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലുമായി 18 പുസ്തകങ്ങൾ രഘുറാമിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർണങ്ങളുടെ ലോകത്ത് കൂടുതൽ വിസ്മയങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് തലശേരി സ്വദേശിയും റിട്ട. സൈക്യാട്രിക് പ്രൊഫസറുമായ രഘുറാമും തഞ്ചാവൂർ സ്വദേശി നവനീതവും. പ്രദർശനം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. ഒമ്പതിന് അവസാനിക്കും.









0 comments