Deshabhimani

ജനകീയ വിചാരണയിൽ ‘തലകുനിച്ച്‌’ ഗ്യാനേഷ്‌

Public trial for Gyanesh Kumar at Jantar Mantar

ജന്തർമന്തർ സമരം ഡോ. ജെ പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:01 AM | 1 min read

കോഴിക്കോട്‌

വോട്ടവകാശത്തിന്‌ നേരെ അധികാരത്തിന്റെ ബുൾഡോസർ ഉരുട്ടി ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ നടത്തിയ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്‌ ജന്തർമന്തറിൽ ജനകീയ വിചാരണ. ചോദ്യങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഗ്യാനേഷിനും ജനാധിപത്യ കുരുതിക്ക്‌ നേതൃത്വം നൽകിയ നരേന്ദ്രമോദിക്കും അമിത്‌ഷായ്ക്കും ഓടിരക്ഷപ്പെടേണ്ടി വന്നു. അധികാരക്കസേര ഉറപ്പിക്കാൻ എസ്‌ഐആറിലൂടെ കോടിക്കണക്കിന്‌ പ‍ൗരന്മാരുടെ വോട്ട്‌ വെട്ടിമാറ്റിയവർക്കെതിരായ പ്രതിഷേധം ജന്തർമന്തറിൽ അലയടിച്ചുയർന്നു. ജന്തർമന്തർ പ്രക്ഷോഭസമിതി നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ എട്ടാംനാളിൽ കടപ്പുറത്തേക്ക്‌ കർഷകരും അഭിഭാഷകരും ഒഴുകിയെത്തി. കലിക്കറ്റ്‌ ബാർ അസോസിയേഷൻ നേതൃത്വത്തിലാണ്‌ ഗ്യാനേഷ്‌കുമാറിനെ കുറ്റവിചാരണ നടത്തിയത്‌. ഡോ. ജെ പ്രസാദ്‌ സമരം ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശേരി അധ്യക്ഷനായി. എ പ്രദീപ്‌കുമാർ, കെ സുരേഷ്‌കുമാർ, ഒള്ളൂർ ദാസൻ, എം രാധാകൃഷ്ണൻ, ചിത്രകാരി ശാന്ത തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ജന്തർമന്തറിൽ അരങ്ങേറി. ഏകപാത്ര നാടകവും പി മുരളീധരൻ അവതരിപ്പിച്ച അശ്വമേധം നാടകത്തിലെ കുഷ്ഠരോഗിയുടെ വേഷപ്പകർച്ചയും രാജീവൻ പെരുമൺപുറയുടെ കവിതയുമെല്ലാം സമരപ്പന്തലിനെ സർഗാത്മകമാക്കി. ബുധനാഴ്ച വൈകിട്ട്‌ പ്രവാസികൾ സമരപ്പന്തലിലെത്തും. കെ ഇ എൻ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home