സഹോദരങ്ങൾ പിടിയിൽ
പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു

പേരാമ്പ്ര
പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിലെ കൂട്ടുപ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം. വനിതാ പൊലീസുകാരി ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്. കൂത്താളി സ്വദേശികളായ ചെമ്പോടുംപൊയിൽ അനസ് (32), സഹോദരൻ ആസിഫ് (34) എന്നിവരും വീട്ടുകാരുമാണ് പൊലീസിനെ ആക്രമിച്ചത്. ശനി രാവിലെ 7.30ഓടെയാണ് സംഭവം. റൂറൽ എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡിലെ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ ഷാജി, സി എം സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി കെ ശോഭിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് സൺ, മിഥുൻ മോഹൻ, ലിധിൻ, പേരാമ്പ്ര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ലിസിന എന്നിവരെയാണ് ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് തലയ്‌ക്ക് സാരമായി പരിക്കേറ്റ ടി കെ ശോഭിത്ത്, വലതുകൈക്ക് പരിക്കേറ്റ സി എം സുനിൽ കുമാർ എന്നിവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിലെ മുഖ്യ പ്രതികളിലൊരാളായ അനസിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് സംഘമെത്തിയത്. എംഡിഎംഎ കേസിലുൾപ്പെട്ട അധ്യാപിക കീർത്തനയെ ലഹരി റാക്കറ്റിലെത്തിച്ചത് അനസാണെന്ന് പൊലീസ് പറയുന്നു. ഇവർ തമ്മിൽ പണമിടപാടുള്ളതായും തെളിവ് ലഭിച്ചിട്ടുണ്ട്. സ്ത്രീകളെയും കോളേജ് വിദ്യാർഥികളെയും എംഡിഎംഎ വിൽപ്പന സംഘത്തിന്റെ ഉപഭോക്താക്കളും കണ്ണികളുമാക്കുന്നതിൽ അനസിന് പങ്കുള്ളതായും തെളിഞ്ഞു. അനസിന്റെയും ആസിഫിന്റെയും പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.









0 comments