പിഎംഎവൈ വീടുകളുടെ പ്രവൃത്തി സ്‌തംഭനാവസ്ഥയിൽ

കോഴിക്കോട്
ജില്ലയിൽ പിഎംഎവൈ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളുടെ പ്രവൃത്തി സ്‌തംഭനാവസ്ഥയിൽ. 2016–17 സാന്പത്തിക വർഷംമുതൽ ജില്ലയിൽ 5107 വീടുകളാണ് പിഎംഎവൈ പദ്ധതി പ്രകാരം നിർമിക്കേണ്ടിയിരുന്നത്. ഇതിൽ 3280 വീടുകളുടെ പ്രവൃത്തി പൂർത്തീയായി. ഫണ്ട് ലഭിക്കുന്നതിലുള്ള കാലതാമസവും മറ്റുമാണ് 1827 വീടുകളുടെ പണി ഇപ്പോഴും നിശ്‌ചലാവസ്ഥയിൽ തുടരാൻ കാരണം. 1,20,000 രൂപ കേന്ദ്രസഹായവും 98,000 രൂപ ജില്ലാ പഞ്ചായത്തും 70,000 രൂപ പഞ്ചായത്തും 1,12,000 രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവുമാണ് ഓരോവീടിനുമുള്ളത്. ഓരോഘട്ട പ്രവൃത്തിയും പൂർത്തീകരിച്ചാലേ നിശ്‌ചിതമായ ഫണ്ടുനൽകാൻ കഴിയുകയുള്ളുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, റൂഫ് ഉൾപ്പെടെയുള്ള പ്രവൃത്തി പൂർത്തികരിച്ചിട്ടും ജില്ലാ പഞ്ചായത്ത് അനുവദിക്കേണ്ട തുക ഉൾപ്പെടെ ലഭിച്ചിട്ടില്ലെന്നാണ് ഗുണഭോക്താക്കളുടെ ആക്ഷേപം. പ്രവൃത്തി തുടങ്ങുന്നതിന് മുൻകൂറായി 48,000 രൂപയും തറകെട്ടി കഴിഞ്ഞാൽ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ലഭിക്കും. തുടർന്ന് ലിന്റൽ പ്രവൃത്തിക്കായി 48,000 രൂപവരെ അനുവദിച്ചെങ്കിലും തുടർന്ന് കിട്ടേണ്ട വിഹിതം പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. പല ബ്ലോക്ക് പഞ്ചായത്തിലും റൂഫ് പ്രവൃത്തിവരെ പൂർത്തീകരിച്ച നാലിലൊരാൾക്ക് മാത്രമേ തുക കൈയിൽ കിട്ടിയിട്ടുള്ളു. ആകെ നാലുലക്ഷം രൂപയാണ് പിഎംഎവൈ പദ്ധതിയിൽ വീട് നിർമിക്കുന്നതിന് അനുവദിക്കുന്ന തുക. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ ഒന്നുമുതലാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്ന പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്.









0 comments