ഓണം വൈബിൽ ക്യാമ്പസുകൾ

മലബാർ ക്രിസ്ത്യൻ കോളേജിലെ ഓണാഘോഷത്തിൽ നിന്നും
കോഴിക്കോട് തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്‌കൂളുകളും കോളേജുകളും ആഘോഷതിമിർപ്പിൽ. പലതരം വേഷത്തിലും രൂപത്തിലുമെത്തിയ കുട്ടികൾ ചെണ്ടമേളത്തിനൊപ്പം തകർത്താടി. സെൽഫിയെടുത്തും സദ്യ പങ്കിട്ടും ഓണക്കളികളുമായി അവർ ഓണത്തിനെ വരവേറ്റു. വാദ്യമേളങ്ങളും റോബോട്ടിക് ആനയുമൊക്കെയായി അതിഗംഭീര ഓണ വൈബിലായിരുന്നു കോഴിക്കോട് ക്രിസ്‌ത്യൻ കോളേജിലെ വിദ്യാർഥികൾ. വിവിധ കലാരൂപങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി. മേളത്തിന് ചുവടുവച്ചും ഓണപ്പാട്ട് പാടിയും വിദ്യാർഥികൾ പരിപാടി കളറാക്കി. പെൺകുട്ടികൾ സെറ്റ് സാരി അണിഞ്ഞും ആൺകുട്ടികൾ ഒരേനിറത്തിലുള്ള ഷർട്ടുകൾ ധരിച്ചുമാണ് എത്തിയത്. മാവേലിയും പുലികളും കൂടിയതോടെ പരിപാടികൾ ഗംഭീരമായി. വടംവലി, ഉറിയടി, മലയാളി മങ്ക, കസേരകളി തുടങ്ങി വിവിധ മത്സരങ്ങളുടെ ചൂടും കോളേജുകളിൽ കണ്ടു. ആവേശം അതിര് കടക്കാതിരിക്കാനും സംഘർഷ സാധ്യതകൾ കണക്കിലെടുത്തും കർശന നിയന്ത്രണങ്ങളാണ് മിക്ക കോളേജുകളിലും ഒരുക്കിയത്. വൈകിട്ടോടെ എല്ലാവരും ഓണാവധിയുടെ സന്തോഷത്തിലേക്ക് യാത്ര പറഞ്ഞ് പിരിഞ്ഞു.









0 comments