അപകടഭീഷണി ഉയർത്തി പഴയ വള്ളങ്ങളും ബോട്ടുകളും

പുതിയാപ്പ ഹാർബറിൽ കൂട്ടിയിട്ട ബോട്ടുകൾ
ബൈജു വയലിൽ പുതിയാപ്പ പുതിയാപ്പ ഹാർബറിൽ കരയിലും വെള്ളത്തിലുമായി കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് വള്ളങ്ങൾ ഭീഷണിയാകുന്നു. ഒരുകാലത്ത് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായിരുന്ന കോടികൾ വിലമതിക്കുന്ന നൂറിലധികം ബോട്ടുകളും ചെറുവള്ളങ്ങളുമാണ് കൊതുകുവളർത്തുകേന്ദ്രമായും ലഹരിമരുന്ന് കേന്ദ്രമായും മാറുന്നത്. കൂട്ടിയിട്ടിരിക്കുന്ന വള്ളങ്ങളിൽ കാടുമൂടിയതിനാൽ നശിപ്പിക്കാനാവില്ല. ഇതിനായി അധികാരികളുടെ സഹായം തേടുകയാണ് തൊഴിലാളികളും നാട്ടുകാരും. ഹാർബറിനകത്ത് വെള്ളത്തിൽ പൂണ്ടുകിടക്കുന്ന ചെറുതും വലുതുമായ കേടായ ബോട്ടുകളാകട്ടെ കടുക്കാതൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും മീൻപിടിച്ച് മടങ്ങിയെത്തുന്ന മറ്റു ബോട്ടുകൾക്കും തടസ്സമാവുകയാണ്. വലിയതോതിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കാനും കാരണമാവുകയാണ്. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വള്ളങ്ങൾ കേടാവുമ്പോഴാണ് കരക്കെത്തിക്കുന്നത്. എന്നാൽ ഇവ നന്നാക്കിയിട്ട് ഫലമില്ലാതാകുമ്പോഴാണ് കരയിലോ വെള്ളത്തിലോ ഉപേക്ഷിക്കുന്നത്. മാത്രവുമല്ല ഇൻഷുറൻസ് ലഭിക്കാനും മത്സ്യഫെഡിൽനിന്നോ മറ്റ് ഏജൻസികളിൽനിന്നോ ആനുകൂല്യങ്ങൾ കിട്ടാനും ബോട്ട് കരയിൽ വേണം. എന്നാൽ പിന്നീടിത് നശിപ്പിക്കാറില്ല. ഫൈബർ വള്ളം കത്തിക്കുന്നതുമൂലമുള്ള പുക ശ്വസിച്ചാൽ കാൻസർ പോലുള്ള ഗുരുതരരോഗം ബാധിക്കുമെന്നതിനാലാണ് നശിപ്പിക്കാത്തത്. ഒരായുസ്സ് മുഴുവൻ പണിയെടുത്തുണ്ടാക്കിയ കാശ് കൊടുത്തുവാങ്ങിയ ബോട്ട് കത്തിച്ചുകളയുന്നതിലെ വിമുഖതയും ഇതിനുപിന്നിലുണ്ട്. അതിനാലാണ് ഇതിനായി സർക്കാർ സംവിധാനങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നത്. ഇൗ ആവശ്യം ജില്ലാ ഭരണവിഭാഗവും ഡിഡിയും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ഇവ സംസ്‌കരിക്കുകയോ എടുത്തുമാറ്റുകയോ ചെയ്താൽ പുതിയാപ്പ ഹാർബറിൽ വള്ളങ്ങൾ കയറ്റിയിടാൻ കുറേക്കൂടി സൗകര്യം ലഭിക്കും. പുതിയാപ്പയിലെ ബോട്ടുകൾ കൊണ്ടുപോവണമെന്ന് ഹാർബർ വികസനസമിതിയും വെള്ളയിൽ കടലോര ജാഗ്രതാസമിതിയും ജില്ലാ ഭരണവിഭാഗത്തോടും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോടും ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. ഇതിനായി വലിയ പ്രതിഷേധം വേണ്ടിവരുമെന്ന നിലയിലാണ് തൊഴിലാളികളും നാട്ടുകാരും. ഇതിനകം പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം കൂടിയാണ്.










0 comments