ലക്ഷങ്ങളുടെ ഭാവിക്കായി വിദ്യാർഥികൾ തെരുവിൽ

പോരാട്ടത്തിരയില്‍.... നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍. ഫോട്ടോ: മിഥുന്‍ അനില മിത്രൻ
തിരുവനന്തപുരം/ കോഴിക്കോട് നീറ്റ് യുജി നടത്തിപ്പിലെ അഴിമതിയിലും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന മാർച്ച് നടത്തി. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സമരത്തെ അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വിദ്യാർഥികളെ പ്രകോപിപ്പിക്കാനും സംഘർഷം അഴിച്ചുവിടാനുമാണ് പൊലീസ് ശ്രമിച്ചത്. കൊല്ലത്ത് കേന്ദ്രകമ്മിറ്റിയംഗം എസ് കെ ആദർശ് ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് മർദനമേറ്റു. കോട്ടയത്തെ പ്രതിഷേധത്തിൽ കേന്ദ്രകമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്‌ണവ് ഷാജി, ജില്ലാ ഭാരവാഹികളായ രാഹുൽ, അസ്‌ലം എന്നിവരുൾപ്പെടെ 16 പേരെ റിമാൻഡ് ചെയ്‌തു. കൊല്ലം ചിന്നക്കടയിലെ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും തൃശൂർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും ഉദ്ഘാടനംചെയ്തു. കോഴിക്കോട്ട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. കേന്ദ്രസർക്കാരിന്റെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കും വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് മാർച്ചിലുടനീളം പ്രതിഫലിച്ചത്. ആദായ നികുതി ഓഫീസിനുമുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് ഭേദിച്ച് മുന്നേറാൻ ശ്രമിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുമുന്നിൽ തളരാതെ ഉശിരൻ മുദ്രാവാക്യങ്ങളുമായി സമരമുഖത്ത് നിറഞ്ഞ വിദ്യാർഥിരോഷത്തിന് മുന്നിൽ പൊലീസ് പരാജയമറിഞ്ഞു. തുടർന്ന് വിദ്യാർഥികൾ ആദായ നികുതി ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ധർണ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ സി ഫർഹാൻ, ജില്ലാ സെക്രട്ടറി ടി പി അമൽരാജ്, ജില്ലാ ജോ. സെക്രട്ടറിമാരായ അശ്വന്ത് ചന്ദ്ര, പി സ്വരാഗ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എം സിയാന എന്നിവർ സംസാരിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമടക്കം അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയുമാണ് കേസ്.











0 comments