ജൂണിലെ അവസാന വ്യാപാരദിനം; വിപണിയുടെ കുതിപ്പിന് ബ്രേക്കിട്ട് ഐടി ഓഹരികൾ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ജൂൺ മാസത്തിലെ അവസാന വ്യാപാര ദിനത്തിൽ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പുതിയ സൂചനകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ പുലർത്തിയ ജാഗ്രതയാണ് വിപണിയെ ബാധിച്ചത്. പ്രധാനമായും ഐടി ഓഹരികളിലുണ്ടായ വലിയ വിൽപ്പന സമ്മർദ്ദമാണ് വിപണിയെ താഴേക്ക് നയിച്ചത്.
സെൻസെക്സ് 249.70 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 76,478.67 എന്ന നിലവാരത്തിലും നിഫ്റ്റി50 സൂചിക 80.50 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 23,865.75 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഐടി മേഖലയിലെ തകർച്ച സൂചികകളുടെ കുതിപ്പിന് തടസ്സമായി. എന്നാൽ പ്രതിമാസ അടിസ്ഥാനത്തിൽ ഇരുസൂചികകളും നേട്ടത്തിലാണ് ജൂൺ മാസം പൂർത്തിയാക്കിയത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻ ഇടിവും, വിദേശ നിക്ഷേപകരുടെ പണം പിൻവലിക്കൽ കുറഞ്ഞതും, രൂപയുടെ മൂല്യം ഉയർത്തുന്നതിനുള്ള നയപരമായ ഇടപെടലുകളും പ്രതിമാസ നേട്ടത്തിന് കരുത്തായി.
ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. നിഫ്റ്റി ഐടി സൂചിക 2.08 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻനിര ഐടി കമ്പനികളായ ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹിന്ദ്ര എന്നിവയാണ് തകർച്ച നേരിട്ടത്. സെൻസെക്സ് കമ്പനികളിൽ ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹിന്ദ്ര, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയാണ് നഷ്ടത്തിൽ മുൻപന്തിയിൽ നിന്നത്.
അതേസമയം ഓട്ടോമൊബൈൽ ഭീമന്മാരായ മാരുതി സുസുക്കി 5 ശതമാനത്തിലധികം നേട്ടമുണ്ടാക്കി വിപണിക്ക് താങ്ങായി. ടൈറ്റൻ, ബജാജ് ഫിനാൻസ്, എറ്റേണൽ, അദാനി പോർട്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ഐടിക്ക് പുറമെ ഓട്ടോ, എഫ്എംസിജി, ഫിനാൻഷ്യൽ സർവീസസ്, മെറ്റൽ സൂചികകളും ഇടിവ് രേഖപ്പെടുത്തി. റിയൽറ്റിയും കൺസ്യൂമർ ഡ്യൂറബിൾസും മാത്രമാണ് നേട്ടത്തിൽ അവസാനിച്ച മേഖലകൾ.










0 comments