ad
Deshabhimani

ചന്തകൾക്ക്‌ തുടക്കമായി

വിഷുവിപണി പിടിച്ച്‌ കുടുംബശ്രീ

 വടകര പുതിയ ബസ് സ്റ്റാൻഡിലെ കുടുംബശ്രീ വിഷു വിപണന മേള

വടകര പുതിയ ബസ് സ്റ്റാൻഡിലെ കുടുംബശ്രീ വിഷു വിപണന മേള

വെബ് ഡെസ്ക്

Published on Apr 13, 2026, 12:59 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഉത്സവമായ വിഷു ആഘോഷിക്കാൻ വിഭവങ്ങളുമായി കുടുംബശ്രീ. കണിവെള്ളരിമുതൽ വിഷുസദ്യ തയ്യാറാക്കാനുള്ള നാടൻ പച്ചക്കറികളും പലചരക്ക് സാധനങ്ങളുമെല്ലാം ഒരുക്കിയുള്ള വിഷു ചന്തയ്‌ക്ക്‌ ജില്ലയിൽ തുടക്കമായി. 82 സിഡിഎസുകളിലാണ്‌ മൂന്നുദിവസത്തെ ചന്തകൾ ആരംഭിച്ചത്‌. കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും കുടുംബശ്രീയുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി) വഴി കൃഷിചെയ്യുന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ളവയും വിഷു ചന്തയിലൂടെ ലഭിക്കും. ‘വിഷു ആഘോഷിക്കാം കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കൊപ്പം' എന്ന പേരിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മേളയുണ്ട്. വടകര പുതിയ സ്‌റ്റാൻഡിലാണ്‌ ജില്ലാതല മേള. വിഷുവിന്‌ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകകൂടിയാണ്‌ മേളയുടെ ലക്ഷ്യം. വിഷുക്കണിക്കുള്ള കണിവെള്ളരി, വിവിധ പച്ചക്കറികൾ, തണ്ണിമത്തൻ, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ വിവിധ പഴങ്ങളും മേളകളിൽ ലഭിക്കും. ജില്ലയിൽ 66.3 ഏക്കറിൽ 176 ജെഎൽജി ഗ്രൂപ്പുകളായി 2,33,170 കിലോഗ്രാം കണിവെള്ളരിയാണ്‌ ഉൽപ്പാദിപ്പിച്ചത്‌. ഇത്തവണ 171 ജെഎൽജികൾ 11.9 ഏക്കറിലായി പലനിറത്തിലും വൈവിധ്യമാർന്ന രുചികളിലുമുള്ള 55,660 കിലോഗ്രാം തണ്ണിമത്തനും വിളവെടുത്തു. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. മേളയ്ക്ക് മാറ്റുകൂട്ടാൻ പായസമേള, വിഷുക്കിറ്റ്, അടുക്കളക്കിറ്റ്, ലൈവ് സ്നാക്സ്, ക്രാഫ്റ്റ് ഐറ്റംസ്, ജ്യൂസുകൾ, അച്ചാറുകൾ, വിവിധതരം പൊടികൾ, ബാഗുകൾ, ബെഡ്ഷീറ്റുകൾ, വെളിച്ചെണ്ണ, സാരികൾ തുടങ്ങി ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്‌. കുടുംബശ്രീ സംരംഭകരുടെ ധാന്യങ്ങൾ, മില്ലെറ്റുകൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, കറിമസാല, വെളിച്ചെണ്ണ, വിവിധയിനം അച്ചാറുകൾ, പപ്പടം, പായസം മിക്സ്, പലഹാരങ്ങൾ, ഉപ്പേരികൾ എന്നിവയും മൺചട്ടി, ചിരട്ട തവി, തേൻ, തുണിത്തരങ്ങൾ എന്നിവയും ലഭ്യമാണ്‌. കുടുംബശ്രീയുടെ ഗ്രാമ സിഡിഎസുകളിൽ മേളകൾ നടത്താൻ സംരംഭകർക്ക് 7500 രൂപയും നഗര സിഡിഎസുകളിൽ 12,000 രൂപയുമാണ് സംസ്ഥാന മിഷൻ അനുവദിച്ചിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home