കെ ഇ എന്നിന്റെ പോരാട്ടം എന്നും വലതുപക്ഷ ആശയത്തിനെതിരെ: എളമരം കരീം

കെ ഇ എന്നിന് സ്നേഹാദരം പരിപാടി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യുന്നു
കോഴിക്കോട് വലതുപക്ഷ ആശയങ്ങൾക്കെതിരെ സംസ്കാരിക മണ്ഡലത്തിൽ വിട്ടുവീഴ്‌ചയില്ലാതെ പോരാടുന്ന എഴുത്തുകാരനും പ്രഭാഷകനുമാണ് കെ ഇ എന്നെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ഉത്തരാധുനിക ദർശനങ്ങളെയും സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകളെയും നിരാകരിക്കുന്ന മാർക്സിസ്റ്റ് ദർശനവും രീതിശാസ്ത്രവുമാണ് കെ ഇ എന്നിന്റെ സാഹിത്യ - നിരൂപണങ്ങളുടെയും വിമർശനങ്ങളുടെയും അടിസ്ഥാനം. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്‌കാരം നേടിയ കെ ഇ എന്നിനുള്ള സ്‌നേഹാദരം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മലയാളിയുടെ പൊതുമണ്ഡലത്തിന്റെ പുരോഗമനാത്മക മനോഭാവങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവച്ച വരേണ്യ -അധീശ മൂല്യങ്ങളെയും മുദ്രകളെയും നിരന്തര വിമർശനങ്ങൾക്ക് വിധേയമാക്കുന്ന കെ ഇ എന്നിന്റെ സാംസ്കാരിക ഇടപെടലുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. നവ ഉദാരവൽക്കരണത്തിനുംഅതിന്റെ പ്രത്യയശാസ്ത്ര രാഷ്ട്രീയരൂപമായ നവ ഫാസിസത്തിനുമെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം നിരന്തരം നടത്തുന്നത്. ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് ചെറുപ്പംമുതൽ സ്വീകരിച്ച തൊഴിലാളിവർഗ രാഷ്ട്രീയവും മാർക്സിസ്റ്റ് സൈദ്ധാന്തിക ജ്ഞാനവുമാണ്. എ കെ ജി ഓപ്പൺ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കെ ഇ എന്നിനുള്ള ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് സമ്മാനിച്ചു. ‘കെ ഇ എൻ: സാംസ്കാരിക ഇടപെടലുകൾ’ സംവാദത്തിൽ പ്രൊഫ. എം എം നാരായണൻ, ഡോ. കെ എം അനിൽ എന്നിവർ സംസാരിച്ചു. കെ ഇ എൻ മറുമൊഴി നടത്തി. ഡോ. യു ഹേമന്ത്കുമാർ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു. വെനസ്വേലൻ ജനതയ്‌ക്ക് ഐക്യദാർഢ്യമർപ്പിച്ചാണ് പരിപാടിക്ക് തുടക്കമായത്. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രവും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.










0 comments