@സംസ്ഥാന സ്കൂൾ കായികമേള
കുതിപ്പിനൊരുങ്ങി കൗമാര കേരളം

സ്വന്തം ലേഖകൻ
കോഴിക്കോട്
പത്ത് വേദികൾ, പതിനായിരം കായിക പ്രതിഭകൾ... ഇനിയുള്ള ഒരാഴ്ച കോഴിക്കോടിന്റെ മണ്ണിലേക്ക് കായിക കേരളം ഒഴുകിയെത്തും. ഗെയിംസ്, അത്ലറ്റിക്സ്, ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗങ്ങളിലായി 9531 കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രധാന ഇനമായ അത്ലറ്റിക്സ് 27 മുതൽ 31 വരെ എൻഐടി ക്യാമ്പസിൽ നടക്കും. 30ന് ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും നടക്കും. ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം വേദിയാകും. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലാണ്.
കരാട്ടെ, വുഷു, സോഫ്റ്റ് ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിലുമായി നടക്കും. യോഗ മത്സരങ്ങൾക്ക് ചാത്തമംഗലം ആർഇസി ഗവ. വൊക്കേഷണൽ ഹയർ സെക്ക ൻഡറി സ്കൂളും നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങൾക്ക് പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളും വേദിയാകും. സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്കും ടീം മാനേജർമാർക്കും താമസിക്കാനായി 50 സ്കൂളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി 750 ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ട് അടുക്കളകളിലായാണ് ഭക്ഷണ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം എ റസാഖ്, എംഎൽഎമാരായ കെ പ്രവീൺകുമാർ, പാറക്കൽ അബ്ദുള്ള, വി കെ ഫൈസ ൽ ബാബു, സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർ അജിത് വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ എന്നിവർ പങ്കെടുത്തു.
യാത്രയ്ക്ക് *‘ഒളിമ്പിക്സ് എക്സ്പ്രസ്'
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്ന കായിക താരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാനായി ‘ഒളിമ്പിക്സ് എക്സ്പ്രസ്' എന്ന പേരിൽ പ്രത്യേക ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്. താമസസ്ഥലങ്ങളിൽനിന്ന് വേദികളിലേക്കുള്ള വാഹന സൗകര്യങ്ങൾ, റൂട്ടുകൾ, വാഹനങ്ങളുടെ സമയവിവരങ്ങൾ, ട്രാഫിക് അപ്ഡേറ്റുകൾ എന്നിവ ഒളിമ്പിക്സ് എക്സ്പ്രസ് ആപ്പിലൂടെ തത്സമയം അറിയാനാകും.
കായികമേളയ്ക്ക് മഴപ്പേടി
11 വർഷത്തിനുശേഷം സം സ്ഥാന കായികമേള കോഴിക്കോട്ടേക്കെത്തുമ്പോൾ മഴപ്പേടിയിലാണ് ജില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം 25 വരെ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങൾ നടക്കുന്ന 26ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ എന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പകൽ 11.30 മുതൽ 1.30വരെ ഇടവേളയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ഇൗ സമയവും മത്സരങ്ങൾക്കായി ഉപയോഗിക്കുമെന്ന് സംഘാടകർ പറഞ്ഞു.








0 comments