കലേഷിന്റെ കുടുംബം ഇനി സുരക്ഷിതമായി അന്തിയുറങ്ങും

കലേഷിന്റെ കുടുംബത്തിനായി നാട്ടുകാർ നിർമിച്ച വീട്
കുന്നമംഗലം ചികിത്സക്കിടെ മരണമടഞ്ഞ പൊതുപ്രവര്‍ത്തകന്‍ പെരുവഴിക്കടവ് പീടിക തൊടികയിൽ കലേഷിന്റെ കുടുംബത്തിന് നാട്ടുകാർ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ഞായർ രാവിലെ ഒമ്പതരക്ക് എം കെ രാഘവന്‍ എംപി കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങിൽ പി ടി എ റഹീം എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ തുടങ്ങിയവർ പങ്കെടുക്കും. പെരുവഴിക്കടവ് മേപ്പുത്തലത്ത് 11 ലക്ഷം രൂപ ചെലവിട്ടാണ് നാട്ടുകൂട്ടായ്മയുടെ സഹകരണത്തോടെ വീട് പൂര്‍ത്തിയാക്കിയത്. മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് 2024 സെപ്തംബര്‍ 13-ന് ആണ് കലേഷിന്റെ മരണം. നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു. തുടര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി കുടുംബ സഹായ കമ്മിറ്റിയാക്കി മാറ്റുകയായിരുന്നു. തകര്‍ന്നുപോയ വീട് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരം സഹകരണസംഘത്തില്‍നിന്ന് തിരിച്ചെടുത്ത് നല്‍കുക, അച്ഛനും അമ്മക്കും സുരക്ഷിതമായി താമസിക്കാന്‍ വീടൊരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കമ്മിറ്റി ഏറ്റെടുത്തത്. വാർത്താസമ്മേളനത്തിൽ ബാബു നെല്ലൂളി, യു സി പ്രീതി, ശശികുമാര്‍ കാവാട്ട്, എം എം സുധീഷ്‌കുമാര്‍, കെ ഷാജികുമാര്‍, ഇ സുരേഷ് എന്നിവര്‍ പങ്കെടുത്തു.









0 comments