പാരന്പര്യ നിഷേധത്തിനെതിരെ ഗുരുക്കന്മാർ
കളരിയിലും കച്ചമുറുക്കി പണം

സ്വന്തം ലേഖകൻ
കോഴിക്കോട്
കഠിനമായ പരിശീലനവും അർപ്പണബോധവും ആവശ്യമുള്ള കളരിപ്പയറ്റിൽ പാരന്പര്യം പിന്നിലാക്കി പണം ലക്ഷ്യമിട്ട് നടത്തുന്ന ഡിപ്ലോമ കോഴ്‌സിനെതിരെ പരാതിയുമായി ഗുരുക്കന്മാർ. കേരള ഫോക്‌ലോർ അക്കാദമിയും കണ്ണൂർ സർവകലാശാലയും ചേർന്ന് നടത്തുന്ന ആറുമാസ കളരിപ്പയറ്റ് ഡിപ്ലോമ കോഴ്സിനെതിരെയാണ് പ്രമുഖ കളരി ഗുരുക്കന്മാർ മന്ത്രി പി സി വിഷ്‌ണുനാഥിന് നിവേദനം നൽകിയത്. പാരമ്പര്യമായി കളരിപ്പയറ്റ് പരിശീലിപ്പിച്ചുവരുന്ന ഗുരുക്കന്മാരുടെ യോഗ്യത, പരിശീലന പരിചയം, പാരമ്പര്യം എന്നിവയ്ക്ക് അർഹമായ പരിഗണന നൽകാതെ സാമ്പത്തികശേഷിക്ക് മുൻതൂക്കം നൽകിയാണ് കോഴ്സ് നടത്തുന്നുവെന്നതാണ് പ്രധാന ആരോപണം. കോഴ്സിന്റെ ഭാഗമായി റൂറൽ ആർട്ട് ഹബ്ബിൽ പണമടച്ച് രജിസ്‌റ്റർ ചെയ്‌തത് നിരവധി ഗുരുക്കന്മാരാണ്. ബന്ധപ്പെട്ടവർ കളരികളിൽ നേരിട്ടെത്തി യോഗ്യത സംബന്ധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ഒരുലക്ഷം രൂപ ആദ്യം നൽകാൻ കഴിയുന്നവരെ കേന്ദ്രീകരിച്ച് ചില സെന്ററുകൾ അനുവദിക്കുന്ന സാഹചര്യമാണുള്ളത്. സാമ്പത്തികമായി പിന്നാക്കംനിന്നിട്ടും വർഷങ്ങളായി പാരമ്പര്യരീതിയിൽ കളരിപ്പയറ്റ് പരിശീലിപ്പിച്ചുവരുന്ന നിരവധി ഗുരുക്കന്മാരുണ്ട്. സാമ്പത്തിക മാനദണ്ഡങ്ങൾക്ക് മുൻതൂക്കം നൽകുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് ഇത്തരം ഗുരുക്കന്മാരുടെ അവസരം നിഷേധിക്കും. കോഴ്സ് നടത്തിപ്പിന്റെ മാനദണ്ഡങ്ങൾ, സെന്ററുകളുടെ തെരഞ്ഞെടുപ്പ്, സിലബസ്, ഗുരുക്കന്മാർക്ക് നൽകുന്ന പ്രാതിനിധ്യം എന്നിവ പുനഃപരിശോധിച്ച് പാരമ്പര്യ കളരി ഗുരുക്കന്മാരുടെ ആശങ്ക പരിഹരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. കെ വി മുഹമ്മദ് ഗുരുക്കൾ പുതുപ്പണം, സുരേഷ് ഗുരുക്കൾ സൗഭദ്രം, കെ ജി രാധാകൃഷ്‌ണൻ ഗുരുക്കൾ, ഷംസു ഗുരുക്കൾ, ശശിധരൻ ഗുരുക്കൾ തുടങ്ങി 28 ഗുരുന്മാരാണ് പ്രതിഷേധവുമായി മന്ത്രിയെ കണ്ടത്.









0 comments