മഴ തുടങ്ങി, ദുരിതവും

വടകര കരിമ്പനപ്പാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 
അപകടാവസ്ഥയിലായ ദേശീയപാത

വടകര കരിമ്പനപ്പാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 
അപകടാവസ്ഥയിലായ ദേശീയപാത

വെബ് ഡെസ്ക്

Published on May 21, 2025, 02:34 AM | 1 min read

സ്വന്തം ലേഖകർ കോഴിക്കോട് കാലവർഷത്തിനുമുമ്പ്‌ പെയ്‌ത ഒറ്റമഴയിൽ കുതിർന്ന്‌ നഗരവും പരിസരവും. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിൽ മുങ്ങി. പലഭാഗങ്ങളിലും തിങ്കളാഴ്‌ച ഉച്ചയോടെ ആരംഭിച്ച മഴ ചൊവ്വാഴ്‌ച ഉച്ചവരെ തുടർന്നു. മലയോരമേഖലയിൽ കൃഷിനാശമുണ്ടായി. കടൽക്ഷോഭത്തിലും കാറ്റിലുംപെട്ട്‌ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് വെള്ളയിൽ മത്സ്യത്തൊഴിലാളി മരിച്ചു. വെള്ളയിൽ നാലുകുടിപറമ്പിൽ ഹംസക്കോയ (62)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയകടവ് നാലുകുടിപറമ്പ് ഷമീർ, കല്ലായി മുഖദാറിൽ പീടികക്കകത്ത് അഷ്റഫ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വ ഉച്ചയോടെ മഴ ശമിച്ചെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. നഗരത്തിൽ ചെറുമഴ പെയ്താൽപോലും മാനാഞ്ചിറ സ്‌പോർട്‌സ് കൗൺസിൽ പരിസരത്ത്‌ വെള്ളക്കെട്ട്‌ പതിവാണ്‌. ഇത്തവണയും വെള്ളക്കെട്ട്‌ രൂക്ഷമായതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും വലഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ നടന്ന പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്ന മാവൂർ റോഡ് ജങ്‌ഷനിലും ചിന്താവളപ്പ് സ്റ്റേഡിയം ജങ്‌ഷനിലും വെള്ളക്കെട്ടുണ്ട്‌. രാജാജി റോഡ്‌ എരഞ്ഞിപ്പാലം ബൈപാസ്, നടക്കാവ്, ചാലപ്പുറംറോഡ്, കോട്ടുളി, പൊറ്റമ്മൽ, തടമ്പാട്ടുതാഴം, പറമ്പത്ത്, കക്കോടി തുടങ്ങിയ മേഖലകളിലെല്ലാം റോഡിൽ വെള്ളം കയറി. നിർമാണം അവസാനഘട്ടത്തിലായ ആറുവരിപ്പാതയുടെ ഭാഗമായുള്ള സർവീസ് റോഡുകളിലും വെള്ളക്കെട്ടുണ്ടായി. ആറുവരിപ്പാതയിൽനിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം മുഴുവൻ സർവീസ് റോഡിലേക്ക് വീണതോടെ മലാപ്പറമ്പ്, വേങ്ങേരി, മാളിക്കടവ്, കുണ്ടൂപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home