Deshabhimani

തടസ്സംനീക്കാൻ നടപടിയുമായി കോർപറേഷൻ

മരച്ചില്ലകൾ വഴിമാറും, 
പൂനൂർ പുഴയൊഴുകും

It has been a long time since the flow of the Poonoor River ceased.

പൂനൂർ പുഴയിലെ തടസ്സങ്ങൾ നീക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ ചേർന്ന യോഗത്തിൽ മേയർ ഒ സദാശിവൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:00 AM | 1 min read

കോഴിക്കോട്‌

പുഴയിലേക്ക്‌ ചാഞ്ഞുനിൽക്കുന്ന മരങ്ങളിലും ചില്ലകളിലും തട്ടി പൂനൂർ പുഴയുടെ ഒഴുക്ക്‌ നിലച്ചിട്ട്‌ നാളേറെയായി. മഴക്കാലമായാൽ ഒഴുക്ക്‌ നിലച്ച്‌ പുഴ പൊങ്ങിവരും. ഇവിടെയുള്ള മനുഷ്യർ പുഴപ്പേടിയിലാണ്‌ മഴക്കാലം കഴിച്ചുകൂട്ടുന്നത്‌. മഴമാറി വെള്ളമിറങ്ങിയാൽ മരക്കൊമ്പുകളിൽ മാലിന്യം തൂങ്ങിനിൽക്കുന്നത്‌ കാണാം. പുഴയുടെ സ്വാഭാവിക ഒഴുക്ക്‌ വീണ്ടെടുക്കാൻ നടപടിയുമായി കോർപറേഷൻ. പുഴയുടെ ഒഴുക്കിന്‌ തടസ്സംനിൽക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്നതിലൂടെ പുഴ സ്വാഭാവികമായി ഒഴുകിത്തുടങ്ങും. ശക്തമായ മഴ പെയ്യുമ്പോഴും കക്കയം പെരുവണ്ണാമുഴി ഡാമുകൾ തുറക്കുമ്പോൾ പൂനൂർ പുഴയിൽ വെള്ളമുയരുന്പോഴും തീരദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. കോർപറേഷൻ പരിധിയിൽ 12 കിലോമീറ്റർ ദൂരത്തിലാണ്‌ പുഴ കടന്നുപോകുന്നത്‌. ചെലവൂർമുതൽ പുറക്കാട്ടിരിവരെയുള്ള ഇ‍ൗ ഭാഗങ്ങളിലെ മരങ്ങളും ചില്ലകളും ജനകീയ സഹകരണത്തോടെ മുറിച്ചുമാറ്റും. ഇ‍ൗ ഭാഗങ്ങളെ ആറ്‌ ക്ലസ്റ്ററുകളായി തിരിച്ചാകും മരങ്ങൾ മുറിക്കാനുള്ള കരാർ നൽകുക. ഓരോ ക്ലസ്റ്ററിലുമുള്ള റെസിഡന്റ്‌സ്‌ അസോസിയേഷനുകളുടെയും മറ്റ്‌ സംഘടനകളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും യോഗം ചേരും. മുറിച്ചുമാറ്റാനുള്ള മരങ്ങളുടെ കണക്ക്‌ അടുത്തയാഴ്ച ശേഖരിക്കും. അതിനായി ക‍ൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 12, 13 തീയതികളിൽ തോണിയാത്ര നടത്തും. വാർഡ് അടിസ്ഥാനത്തിൽ കൗൺസിലറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കാൻ മേയർ ഒ സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇറിഗേഷൻ, വനം, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കൗൺസിലർമാരായ ടി എസ്‌ ഷിംജിത്ത്, പി ബിജുലാൽ, യു രജനി, എസ്‌ എം തുഷാര, സാജിത ഗഫൂർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home