നന്മണ്ടയുടെ നല്ലകാലം

ചീക്കിലോട് അങ്ങാടിയുടെ സൗന്ദര്യവൽക്കരണം
ഉണ്ണി ഇൗന്താട്
Published on Oct 04, 2025, 12:56 AM | 2 min read
നന്മണ്ട
‘‘തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒന്ന് പുറത്തുപോയി കാറ്റുകൊള്ളാനും നടക്കാനും സംസാരിച്ചിരിക്കാനും കൊതിക്കാത്തവരായി ആരെങ്കിലുമുണ്ടോ. പട്ടണത്തിലെ പാർക്കുകളിൽ തിരക്കും ബഹളവുമായിരിക്കും. പക്ഷേ ഞങ്ങൾ ചീക്കിലോട്ടുകാർക്കിനി നഗരത്തിലേക്ക് വണ്ടി കയറണ്ട’’. സുബൈദത്തായുടെ വാക്കുകളിലുണ്ട് ചീക്കിലോട്ടെ പാർക്കിൽ അവരുടെ മക്കളുടെ കളി കാണുമ്പോഴുള്ള ഉല്ലാസം. ഗ്രാമീണഭംഗിയുടെ ദൃശ്യചാരുത പകരുകയാണ് ഇൗ അങ്ങാടി. നന്മണ്ട പഞ്ചായത്തിലെ പ്രധാനകേന്ദ്രമായ ചീക്കിലോടിന്റെ സമഗ്രവികസനം മുൻനിർത്തിയാണ് അങ്ങാടി സൗന്ദര്യവൽക്കരിച്ചത്. കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന പ്രദേശം മന്ത്രി എ കെ ശശീന്ദ്രന്റെ എംഎൽഎ ആസ്‌തി വികസന ഫണ്ടും ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് ഫണ്ടും അടക്കം 1.60 കോടി രൂപ ചെലവഴിച്ചാണ് മനോഹരമാക്കിയത്. കനാലിന്റെ ഓരം ചേർന്ന് വിശാലമായ ബസ് സ്റ്റാൻഡ്, കുട്ടികളുടെ പാർക്ക്, ജോഗിങ് ട്രാക്ക്, വയോജനങ്ങൾക്കായുള്ള വിശ്രമകേന്ദ്രം, ഓപ്പൺ സ്റ്റേജ്, മനോഹരമായ വിളക്കുകാലുകൾ, കനാലിനോട് ചേർന്ന് സംരക്ഷണ ബാരിക്കേഡുകൾ എന്നിവ നിർമിച്ചു. വഴിയോര വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട് പഞ്ചായത്ത്. എല്ലാവർക്കും കുടിവെള്ളം നിലവിലുള്ള 28 കുടിവെള്ള പദ്ധതികൾക്ക് പുറമെ ജലജീവൻ മിഷൻ പദ്ധതിയിലൂടെ അയ്യായിരത്തോളം കുടുംബങ്ങളിൽ കുടിവെള്ളം ലഭ്യമാക്കി. അഞ്ചു ഉന്നതികളിലും നഗറുകളിലുമായി ബൂസ്റ്റർ സ്റ്റേഷൻ സ്ഥാപിച്ചു കുടിവെള്ളമെത്തിച്ചു. ഇതിനായി എട്ടു കോടി രൂപ ചെലവഴിച്ചു. നന്മണ്ട പഞ്ചായത്തിലെ ഏഴ് വാർഡുകളിലായി 2000 പേർക്ക് ഗ്യാസ് കണക്ഷൻ ലഭ്യമാക്കി. ആരോഗ്യമേഖലയിൽ കുതിപ്പ് കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.25 കോടി രൂപയുടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി. നവകേരള സദസ്സിലൂടെ അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിക്കാനിരിക്കുകയാണ്. എൻഎബിഎച്ച് അംഗീകാരംനേടി ഹോമിയോ ഡിസ്പെൻസറിയും മികച്ച ഒപി സൗകര്യത്തോടെ ആയുർവേദ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നു. ചേർത്തുപിടിച്ചു ഭിന്നശേഷിക്കാരെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടമൊരുക്കി. എംഎൽഎ ഫണ്ടും പഞ്ചായത്ത് വികസനഫണ്ടും ഉൾപ്പെടെ 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. കുട്ടികൾക്കും വ്യക്തികൾക്കും സഹായ ഉപകരണങ്ങൾ, വരുമാനദായക പെട്ടിക്കട, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് എന്നീ ഇനങ്ങളിലായി 1,65,00,000 രൂപ ചെലവഴിച്ചു. പഞ്ചായത്തിലെ മുതിർന്ന പൗരന്മാരായവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കി. ശുചിത്വം സുന്ദരം നന്മണ്ട ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി മാതൃകാപരമായി ഇടപെട്ടു. ആധുനിക സൗകര്യത്തോടുകൂടിയ എംസിഎഫ് കൊളത്തൂരിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. എല്ലാ വാർഡുകളിലും മിനി എംസിഎഫും ബോട്ടിൽ ബൂത്തുകളും ബിന്നുകളും സ്ഥാപിച്ചു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ പാഴ്‌വസ്തുക്കൾ വാതിൽപ്പടി ശേഖരണം ഉറപ്പുവരുത്തി 34 ഹരിത കർമസേനാംഗങ്ങൾ പ്രവർത്തിക്കുന്നു. പ്രധാനപ്പെട്ട അങ്ങാടികളിൽ ശുചിത്വം ഉറപ്പാക്കാൻ സർക്കാരിന്റെ അനുമതിയോടെ ശുചീകരണ തൊഴിലാളികൾ പ്രവർത്തിക്കുന്നു. ശിശുസൗഹൃദം അങ്കണവാടികൾ 28 അങ്കണവാടികളിൽ 26 എണ്ണവും ശിശു സൗഹൃദമാക്കി. രണ്ട് അങ്കണവാടികൾക്ക് സ്ഥലംവാങ്ങി കെട്ടിടം നിർമിക്കാനുള്ള നടപടി പൂർത്തിയാക്കി. അംബേദ്‌കർ ഗ്രാമം അംബേദ്‌കർ ഗ്രാമ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങത്ത് മീത്തൽ കോളനിയിൽ പ്രവൃത്തി ആരംഭിച്ചു. വിവിധ വാർഡുകളിലുള്ള ഉന്നതികളിലും നഗറുകളിലും അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനങ്ങളും ഉറപ്പാക്കി. അതിദരിദ്രരില്ലാത്ത പഞ്ചായത്ത് പഞ്ചായത്തിലെ 115 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും വിമുക്തമാക്കി. പ്രഖ്യാപനം ഒക്ടോബറിൽ നടക്കും. പഞ്ചായത്തിലെ പ്രധാന റോഡുകളിലും ഉൾപ്രദേശങ്ങളിലുമായി 600ലധികം തെരുവുവിളക്കുകൾ സ്ഥാപിച്ചു. വൃക്കരോഗികൾക്ക് ധനസഹായം ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് ധനസഹായം ലഭ്യമാക്കാൻ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി പ്രവർത്തിക്കുന്നു.








0 comments