ജനസാഗരത്തിലലിഞ്ഞ്

കോഴിക്കോട്
മലയോര ജനത ഓരോ കൈവഴികളായി മനുഷ്യപ്പുഴയായി ഒഴുകി ജനസാഗരം തീർത്തപ്പോൾ അതിലലിയുകയായിരുന്നു ജനനായകർ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണ ദിനത്തിൽ ലഭിച്ചത് ആവേശോജ്വല വരവേൽപ്പ്.
കാസർകോടും കണ്ണൂരും വയനാടും പിന്നിട്ടാണ് ജാഥ ചുരമിറങ്ങിയെത്തിയത്. എൽഡിഎഫ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ജില്ലയിലേക്ക് വരവേറ്റു. ആദ്യ സ്വീകരണ കേന്ദ്രമായ തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തേക്കായിരുന്നു ആദ്യ യാത്ര. പൈലറ്റ് വാഹനമെത്തുമ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞു. ഉച്ചവെയിലിനെ വകഞ്ഞുമാറ്റി ജനം പ്രിയ നേതാക്കളെ കാത്തുനിന്നു. പി സി ജങ്‌ഷനിൽനിന്ന് ബാൻഡ് മേളവും കാവടിയാട്ടവും തീർത്ത ഉത്സവാന്തരീക്ഷത്തിനൊപ്പം എൽഡിഎഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ ജാഥാ ക്യാപ്റ്റനെ വേദിയിലേക്കാനയിച്ചു. ധീരരക്തസാക്ഷി ജോബിൻ ആൻഡ്രൂസിന്റെ മാതാപിതാക്കളും തിരുവമ്പാടിയുടെ പ്രിയനേതാവ് മത്തായി ചാക്കോയുടെ ബന്ധുക്കളും മുതിർന്ന പാർടി നേതാക്കളുമടക്കം നിരവധിയാളുകൾ ജാഥയെ വരവേൽക്കാനെത്തിയിരുന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ജാഥാ ക്യാപ്റ്റൻ ഷാളണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി വി കെ വിനോദ് സ്വാഗതം പറഞ്ഞു.
കൊടുവള്ളിയിലേക്കായിരുന്നു അടുത്ത യാത്ര. കൊടുവള്ളിയങ്ങാടിയിലേക്കുള്ള യാത്രയിൽ കഴിഞ്ഞ പത്തുവർഷത്തിൽ എൽഡിഎഫ് സർക്കാർ പടുത്തുയർത്തിയ ആരോഗ്യ കേന്ദ്രങ്ങളും തലയെടുപ്പോടെ നിൽക്കുന്ന സ്കൂളുകളും പാവപ്പെട്ടവന് തലചായ്ക്കാൻ നിർമിച്ചു നൽകിയ ലൈഫ് വീടുകളുമെല്ലാം ജാഥയെ സ്വീകരിച്ചു.
കയ്യിൽ പ്ലക്കാർഡുകളേന്തി ആയിരങ്ങൾ വഴിയോരത്തുണ്ടായിരുന്നു. പത്തുവർഷം തങ്ങൾ കണ്ടറിഞ്ഞ വികസനത്തെക്കുറിച്ചായിരുന്നു ആ ബോർഡുകൾ വിളിച്ചുപറഞ്ഞത്. കൊടുവള്ളി അങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ സംഘാടക സമിതി ചെയർമാൻ വായോളി മുഹമ്മദ് അധ്യക്ഷനായി. കൺവീനർ കെ ബാബു സ്വാഗതം പറഞ്ഞു.
ബാലുശേരിയിലേക്ക് ജാഥ എത്തുമ്പോഴേക്കും മാനമിരുട്ടിയിരുന്നു. വൈകുന്നേരംമുതൽ കാത്തിരുന്ന സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ മുദ്രാവാക്യം വിളികളോടെ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തിൽ മൈതാനത്തേയ്‌ക്കാനയിച്ചു. കാവടിയും ബാൻഡ് മേളവും വനിതകളുടെ ശിങ്കാരിമേളവും പൂക്കുറ്റികളുമെല്ലാം ബാലുശേരി അങ്ങാടിക്ക് ഉത്സവഛായ പകർന്നു. മാനത്ത് വിരിഞ്ഞ വെടിക്കെട്ടിന് കീഴിലൂടെ നിറഞ്ഞുകവിഞ്ഞ മൈതാനത്തുകൂടെ ജാഥാംഗങ്ങൾ വേദിയിലേക്ക്. ഇരിപ്പിടങ്ങൾ കിട്ടാഞ്ഞ് വെറും മണ്ണിലിരുന്നും പ്രിയ നേതാക്കളുടെ വാക്കുകൾ ശ്രവിച്ചു. പൊതുയോഗത്തിൽ പി സുധാകരൻ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ സുമേഷ് സ്വാഗതം പറഞ്ഞു.
രണ്ടാം ദിനമായ ശനി രാവിലെ എട്ടരയ്ക്ക് ബാലുശേരി അഞ്ജൂം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവാദ സദസ്സിൽ ജാഥാ ക്യാപ്റ്റൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കും. രാവിലെ പത്തിന് പേരാമ്പ്രയിലാണ് ആദ്യ സ്വീകരണം. തുടർന്ന് പകൽ മൂന്നിന് നാദാപുരത്തെ കല്ലാച്ചിയിലും വൈകിട്ട് നാലിന് കുറ്റ്യാടിയിലെ ആയഞ്ചേരിയിലും വൈകിട്ട് അഞ്ചിന് വടകരയിലെ കോട്ടപ്പറമ്പ് മൈതാനത്തും സ്വീകരണങ്ങളേറ്റുവാങ്ങും.










0 comments