ad
Deshabhimani

ബഡ്‌സ്‌ സ്‌കൂളിൽ അനധികൃത നിയമനം തടഞ്ഞു

സിപിഐ എം നേതൃത്വത്തിൽ പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്‌ ഉപരോധിക്കുന്നു

സിപിഐ എം നേതൃത്വത്തിൽ പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്‌ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 28, 2026, 12:40 AM | 1 min read

പേരാമ്പ്ര

പേരാമ്പ്ര പഞ്ചായത്ത് ബഡ്സ് സ്കൂളിൽ നിയമവിരുദ്ധമായി അധ്യാപികയേയും ആയയേയും പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനുള്ള നീക്കം സിപിഐ എം പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. ബഡ്സ് സ്‌കൂൾ ആരംഭിച്ച 2015 ജൂലൈമുതൽ ജോലിചെയ്യുന്ന അധ്യാപികയേയും നാലുവർഷമായി ജോലിചെയ്യുന്ന ആയയേയും നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ട്‌ ഇഷ്ടക്കാരെ നിയമിക്കാനായിരുന്നു നീക്കം. അഭിമുഖം നിശ്‌ചയിച്ച പഞ്ചായത്ത്‌ ഓഫീസ്‌ സിപിഐ എം നേതൃത്വത്തിൽ പ്രവർത്തകർ ഉപരോധിച്ചതോടെ അഭിമുഖം നിർത്തിവച്ചു.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൽപോലും ചർച്ച ചെയ്യാതെയാണ് യുഡിഎഫുകാരെ നിയമന നീക്കം നടന്നത്. 28ന് തീരുമാനിച്ച അഭിമുഖം പ്രതിഷേധം ഭയന്ന്‌ 27ലേക്ക് മാറ്റി രഹസ്യമായി അഭിമുഖം നടത്താനായിരുന്നു പദ്ധതി. വിവരമറിഞ്ഞ് സിപിഐ എം പ്രവർത്തകരും ബഡ്സ് സ്‌കൂളിലെ ഭിന്നശേഷി കുട്ടികളും അമ്മമാരും രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലെത്തി ഉപരോധം ആരംഭിച്ചു. ഉപരോധ സമരം സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ സുനിൽ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി കെ പ്രമോദ്, ടി പി കുഞ്ഞനന്തൻ, ലോക്കൽ സെക്രട്ടറിമാരായ സി കെ അശോകൻ എന്നിവർ സംസാരിച്ചു. ഇതിനിടെ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ കെ രജീഷ് കുമാർ, പഞ്ചായത്തംഗം യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ്–യൂത്ത്‌ ലീഗ് പ്രവർത്തകർ സമരക്കാർക്കെതിരെ കൈയേറ്റത്തിന്‌ മുതർന്നത്‌ സംഘർഷത്തിനിടയാക്കി. വൻ സംഘം പൊലീസും പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ നാദാപുരം ഡിവൈഎസ്‌പി പി എം മനോജ് അഭിമുഖം നിർത്തിവച്ചതായി അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. തുടർന്ന് സമരക്കാർ പേരാമ്പ്ര ടൗണിൽ പ്രകടനം നടത്തി. വി കെ സുനീഷ്, ഒ ടി രാജു, കെ പി സജീഷ്, കെ കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home