Deshabhimani

ഐസിയുവിലും രക്ഷയില്ല

a
avatar
സ്വന്തം ലേഖിക

Published on Oct 09, 2026, 02:16 AM | 1 min read

കോഴിക്കോട്

ഗുരുതര രോഗാവസ്ഥയിലുള്ളവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിൽ രക്ഷയില്ലാതാകുന്നു. നഗരമധ്യത്തിലെ ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ഐസിയുവിൽ പോലും മതിയായ സൗകര്യങ്ങളില്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നു. ശുചിമുറി സൗകര്യം പോലും ഇല്ലാതെയാണ് കാര്‍ഡിയോളജി ഐസിയു പ്രവര്‍ത്തിക്കുന്നത്. ആകെയുള്ള അഞ്ച് ബെഡ്ഡുകൾ കര്‍ട്ടൻ ഉപയോഗിച്ചാണ് വേര്‍തിരിച്ചത്. രോഗികൾക്ക് പുറത്ത് പോകാൻ അനുവാദമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ സ്റ്റൂള്‍ ഉപയോഗിച്ചുള്ള സംവിധാനത്തിനേ നിലവിൽ നിവൃത്തിയുള്ളൂ. കൂട്ടിരിപ്പുകാര്‍ നിര്‍ബന്ധം പിടിച്ചാൽ മാത്രം വിശ്രമ മുറിയിലേക്ക് അയക്കും. സ്വന്തം ഉത്തരവാദിത്തത്തില്‍ പുറത്തുപോകുന്നെന്ന് എഴുതിക്കൊടുത്തിട്ടാണിത്. അതാകട്ടെ, വൃത്തിഹീനവുമാണ്.


ഒപി ടിക്കറ്റിനും പെടാപ്പാട്

നേരത്തെ ഒപി ടിക്കറ്റെടുക്കാൻ ക്യൂ നിന്നാല്‍ മതിയായിരുന്നെങ്കിൽ ഇപ്പോള്‍ അതിന് മുന്നോടിയായി ടോക്കണ്‍ എടുക്കണമെന്ന നിബന്ധനയുണ്ട്. ടോക്കണ്‍ കിട്ടിയവര്‍ക്കേ വരി നില്‍ക്കാന്‍ സാധിക്കൂ എന്നതിനാൽ പലര്‍ക്കും ഒപി ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ഓണ്‍ലൈന്‍ സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ല. അതേസമയം, ജീവനക്കാരുടെ സ്വന്തക്കാര്‍ക്കും മറ്റും യഥേഷ്ടം ടോക്കണ്‍ ലഭിക്കുന്നെന്നും ആരോപണമുണ്ട്.


മരുന്നുമില്ല, പരിശോധനയുമില്ല

ആശുപത്രിയിൽ മരുന്നുകൾ ഇല്ലാതായിട്ടും പരിശോധന നിലച്ചിട്ടും മാസങ്ങളായി. റീഏജന്റുകൾ ഇല്ലാത്തതിനാൽ അയേണിന്റെ സാന്നിധ്യം അറിയുന്നതിനുള്ള ഫെറിറ്റിൻ ടെസ്റ്റ്, ഹൃദയപേശിയുടെ ക്ഷമത പരിശോധിക്കുന്ന ട്രോപോണിൻ ടെസ്റ്റ്, വൈറ്റമിൻ ഡി ടെസ്റ്റ് എന്നിവയെല്ലാം നിര്‍ത്തി. സ്വകാര്യ ലാബുകളിൽ ആയിരത്തോളം രൂപയാകുന്ന ടെസ്റ്റുകൾ നിര്‍ത്തലാക്കിയത് രോഗികളെ വലയ്ക്കുകയാണ്. ഏതൊക്കെ ടെസ്റ്റുകളാണ് ലഭ്യമല്ലാത്തതെന്ന ബോര്‍ഡ് ലാബിന് മുമ്പിൽ വച്ചിട്ടുണ്ട്.

അതേസമയം, രാത്രിസമയത്ത് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയെത്തുന്നവര്‍ക്കും പ്രതിസന്ധിയാണ്. സമീപത്തെ സ്വകാര്യ ലാബുകൾ ഏഴ് മണിയോടെ അടയ്ക്കുന്നതിനാൽ ചിന്താവളപ്പ്, നടക്കാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തി വേണം പരിശോധന നടത്താൻ.

"പുലര്‍ച്ചെ അഞ്ചിന്‌ എത്തിയതാണ് ആശുപത്രിയിൽ. ഡോക്ടറെ കണ്ട് എക്സ്റേയും ഇസിജിയും എടുക്കുമ്പോഴേക്കും ഒരു മണിയായി. ഫാര്‍മസിയിൽ കാത്തുനിന്ന ശേഷം ലഭിച്ചത് അഞ്ചിൽ രണ്ട് മരുന്ന് മാത്രം. ബാക്കിയുള്ളവ പുറത്തുനിന്ന് വാങ്ങിക്കണം. എക്കോ ടെസ്റ്റിനായി 12ന് വീണ്ടും വരാനാണ് പറഞ്ഞത്. 60 വയസ്സ് കഴിഞ്ഞു. ഈ പ്രായത്തിൽ ചികിത്സയ്ക്കായി അലയേണ്ട സ്ഥിതിയാണ്', കുണ്ടുങ്ങൽ സ്വദേശി ഫാത്തിമ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home