Deshabhimani

രോഗികൾ ദുരിതത്തിൽ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജലവിതരണം മുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2026, 12:40 AM | 1 min read

പേരാമ്പ്ര

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജലവിതരണം മുടങ്ങിയതോടെ രോഗികൾ ദുരിതത്തിൽ. ജലവിതരണം മുടങ്ങി രണ്ടുദിവസമായിട്ടും പകരം സംവിധാനം ഏർപ്പെടുത്താൻ തയ്യാറാകാതെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും. ആശുപത്രിയിൽ അത്യാവശ്യം വേണ്ട മരുന്നുകളില്ലാതെ രോഗികൾ വലയുന്നതിനിടയിലാണ് ജലവിതരണം മുടങ്ങിയത്‌. ഇതോടെ പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻപോലും വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിലായി. രോഗികളുടെ ബന്ധുക്കൾ വീടുകളിൽനിന്ന്‌ കന്നാസിൽ വെള്ളം എത്തിച്ചാണ്‌ കുടിക്കാനും പല്ലുതേക്കാനും ടോയ്‌ലറ്റിൽ പോകാനും ഉപയോഗിക്കുന്നത്‌. ആശുപത്രി വളപ്പിലും പരിസരത്തുമുള്ള മൂന്നുകിണറുകളിൽനിന്നാണ് വെള്ളമെത്തിച്ചിരുന്നത്. ഇതിൽ രണ്ട്‌ പമ്പുസെറ്റുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. പ്രധാന പമ്പുസെറ്റ് കേടായതോടെ പ്രതിസന്ധി രൂക്ഷമായി. ചെറിയ പമ്പ് സെറ്റ് ഉപയോഗിച്ചുള്ള ജലവിതരണം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനുമാത്രമേ തികയുന്നുള്ളൂ. കേടായ പമ്പുസെറ്റ് പല തവണ റിപ്പയർ ചെയ്യാൻ വൻതുക ചെലവഴിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം പമ്പുസെറ്റ് കത്തിപ്പോയെന്നാണ് പറയുന്നത്. ഇതോടെ വാർഡുകളിലേക്കും കാഷ്വാലിറ്റി ബ്ലോക്കിലേക്കുമുള്ള ജലവിതരണം മുടങ്ങി. ദിനംപ്രതി ആയിരത്തിലേറെ രോഗികൾ ഒപിയിലും ഇരുനൂറ്റമ്പതോളം പേർ കാഷ്വാലിറ്റിയിലുമായെത്തുന്ന ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ കിടത്തിച്ചികിത്സിക്കുന്ന രോഗികളുടെ എണ്ണം കുറച്ചു. അടിയന്തരമായി ജലവിതരണം ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home