കോഴിക്കോട്ടുനിന്ന് ബേപ്പൂരിലേക്ക് അതിവേഗ കടൽയാത്ര...

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ആരംഭിച്ച പ്രത്യേക ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്ത മന്ത്രി പി എ മുഹമ്മദ് റിയാസ് ബോട്ടില്‍ കയറി യാത്ര ചെയ്തപ്പോള്‍
ഫറോക്ക് കോഴിക്കോട് കടപ്പുറത്തുനിന്ന് ബേപ്പൂർ മറീന തീരത്തേക്ക് വേഗത്തിലൊരു ബോട്ട് യാത്ര. മലബാറിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന രണ്ടു പ്രധാന തീരങ്ങളെ കൂട്ടിയിണക്കിയുള്ള സ്പീഡ് ബോട്ട് സർവീസ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കോഴിക്കോട് ബീച്ചിൽനിന്നാരംഭിച്ച് ബേപ്പൂരിലെത്തി, വീണ്ടും കോഴിക്കോട്ടുതന്നെ തിരിച്ചെത്തുന്ന വിധമാണ് സർവീസ്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലാണ് സ്പീഡ് ബോട്ട് സംവിധാനം ആരംഭിക്കുന്നത്. ബേപ്പൂരിൽ ടൂറിസ്റ്റ് ബോട്ട് സർവീസ് നടത്തിവരുന്ന മജിസ്റ്റിക് ഗ്രൂപ്പാണ് സർവീസ് നടത്തുന്നത്. കോറൽ 01 , കോറൽ 02 എന്നീ രണ്ടു സ്പീഡ് ബോട്ടുകളാണ് വെള്ളി മുതൽ സർവീസ് തുടങ്ങിയത്. ഒരേസമയം 13 പേർക്ക് സഞ്ചരിക്കാം. കോഴിക്കോട് ബീച്ചിൽനിന്ന് 15 മിനിറ്റിനകം ബേപ്പൂർ മറീന തീരത്തെത്താം. വിവിധ പാക്കേജുകള്‍ തെരഞ്ഞെടുത്ത് യാത്രചെയ്യാനും അവസരമുണ്ട്. പുതുവർഷത്തിൽ 20 പേർക്ക് സഞ്ചരിക്കാവുന്ന രണ്ടു ക്രൂയിസ് സർവീസുകളും ആരംഭിക്കും. കോഴിക്കോട് തീരത്തുനിന്നുള്ള ആദ്യ യാത്രയിൽ മന്ത്രിയോടൊപ്പം കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ് കെ സജീഷ്, സിറ്റി പൊലീസ് ചീഫ് ഡിഐജി ടി നാരായണന്‍, ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടകസമിതി കൺവീനർ ടി രാധാഗോപി തുടങ്ങിയവർ അനുഗമിച്ചു. ചടങ്ങിൽ മന്ത്രി സംസാരിച്ചു. ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് സ്വാഗതം പറഞ്ഞു.










0 comments