അനസ്തേഷ്യ ഡോക്ടര്‍മാരില്ല
ശസ്ത്രക്രിയയോ... കാത്തിരുന്നേ പറ്റൂ

കോഴിക്കോട്
മെഡി. കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ പോലും ശസ്ത്രക്രിയക്കായി കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങൾ. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കുറവാണ് പ്രതിസന്ധിയ്‌ക്കിടയാക്കിയത്. അനസ്തേഷ്യ ഡോക്ടര്‍മാരുടെ 21 തസ്കികകളിൽ ഏഴെണ്ണവും ഒഴിഞ്ഞ് കിടക്കുകയാണ്. 16 സീനിയര്‍ റസിഡന്റുമാരിൽ 12 പേരുടെ കാലാവധിയും കഴിഞ്ഞു. എച്ച്ഡിഎസ് നിയമിച്ച നാല് അനസ്തേഷ്യോളജിസ്റ്റുകളിൽ മൂന്ന് പേരുടെ കാലാവധിയും അവസാനിച്ചിട്ടുണ്ട്. പിഎംഎസ്എസ് ബ്ലോക്ക്, മാതൃ ശിശു സംരക്ഷണകേന്ദ്രം, ഓര്‍ത്തോ, അത്യാഹിത വിഭാഗം തുടങ്ങിയ ഇടങ്ങളിലെല്ലാം അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ വേണ്ടതിനാൽ അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകളെല്ലാം വെട്ടിക്കുറച്ചു. ഇതോടെ രോഗികളുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുകയാണ്. തിയേറ്റര്‍ പ്രവര്‍ത്തനത്തിലും നിയന്ത്രണമുണ്ട്. ഓര്‍ത്തോ ഒപിയിലും അത്യാഹിത വിഭാഗത്തിലുമായി ദിവസേന 500ൽപ്പരം രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ പത്തെണ്ണം ഉൾപ്പെടെ ദിവസേന മുപ്പതോളം ശസ്ത്രക്രിയകളും ഓര്‍ത്തോ വിഭാഗത്തിൽ നടക്കുന്നു. ഡോക്ടര്‍മാരില്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തുന്നതോടെ വാര്‍ഡിലുള്ള രോഗികളടക്കം അനിശ്ചിതത്വത്തിലാണ്. വാര്‍ഡിലെ മിക്ക രോഗികളെയും ഇതിനാൽ അടുത്ത തീയതി ലഭിക്കുന്നതുവരെ പറഞ്ഞുവിടുന്നുമുണ്ട്. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, ആശുപത്രിയിൽ ജോലിഭാരം കൂടുതലായതിനാലും സ്വകാര്യ ആശുപത്രികളിലും വിദേശത്തും മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുന്നതിനാലും പരിചയ സമ്പത്തുള്ള ഡോക്ടര്‍മാരെ കിട്ടാനും പ്രയാസമുണ്ട്. 12 മണിക്കൂര്‍ വരെ അനസ്തേഷ്യ വിഭാഗത്തിലുള്ളവര്‍ ജോലിയെടുക്കണ്ടി വരുന്നു. ഒഴിവ് നികത്താത്തതിനാൽ ഡബിൾ ഡ്യൂട്ടി വേറെയും. റിസ്‌ക് അലവൻസ് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ജീവിതശൈലി മുതൽ ഗുരുതര രോഗത്തിനുൾപ്പെടെയുള്ള മരുന്നുകൾ മാസങ്ങളായി ലഭ്യമല്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നു.










0 comments