ആവേശം ആവോളം

പി പി ശ്രീലക്ഷ്മി
കോഴിക്കോട് ട്രെൻഡിങ് തമിഴ് ഗാനത്തിന് ചുണ്ടനക്കി, ആവേശത്തോടെ ചുവടുകൾ വച്ച കുട്ടിക്കുറുമ്പി സദസ്സിനെയും ഉഷാറാക്കി. ശാരീരിക പരിമിതിയെ ചുറുചുറുക്കിലൂടെ തോൽപ്പിച്ച, പി പി ശ്രീലക്ഷ്മിക്ക് നൃത്തമെന്നാൽ ജീവനാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ‘താരകം' കലാമേളയിൽ താരമായിരിക്കുകയാണ് പിവിഎസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി. ജന്മനാ ഒരു കൈക്ക് വെല്ലുവിളി നേരിടുന്ന ശ്രീലക്ഷ്മിയുടെ വലംകൈയും പ്രോത്സാഹനവുമെല്ലാം അമ്മ വിജയകുമാരിയാണ്. മകളെ വേദികളിൽനിന്ന് വേദികളിലേക്ക് എത്തിക്കുന്നതാണ് ഈ അമ്മയുടെ സന്തോഷവും. നാലാം വയസ്സിൽ കോക്ലിയാര്‍ ഇംപ്ലാന്റേഷൻ സര്‍ജറി ചെയ്തശേഷമാണ് ശ്രീലക്ഷ്മിക്ക് കേൾവിശക്തി ലഭിച്ചത്. പരിമിതികൾ കുറവായി കാണാതെ പഠനത്തിലും പഠനേതര വിഷയങ്ങളിലും മുമ്പിലെത്താനുള്ള കഠിന ശ്രമത്തിലാണ്. ബാഡ്മിന്റണും ഇഷ്ടവിനോദമാണ്. ലോകമറിയുന്ന ബാഡ്മിന്റൺ പ്ലേയര്‍ ആവാനാണ് ആഗ്രഹമെന്ന് ശ്രീലക്ഷ്മി ആത്മവിശ്വാസത്തോടെ പറഞ്ഞു. വിവിധ മേളകളിലേക്കുള്ള നൃത്തങ്ങളെല്ലാം മകൾ വീഡിയോ നോക്കി തനിയെ പഠിക്കുന്നതാണെന്നും ഇത്തരം പരിപാടികൾ എല്ലാ മക്കൾക്കും പ്രചോദനമാണെന്നും വിജയകുമാരി പറഞ്ഞു. ഇലക്ട്രീഷ്യനായ പി പി ഷൈജുവാണ് അച്ഛൻ. എരഞ്ഞിക്കലാണ് സ്വദേശം.










0 comments