വെള്ളപ്പൊക്ക ദുരിതാശ്വാസം
ആർക്കും കിട്ടിയില്ല, അടിയന്തര ധനസഹായം

കോഴിക്കോട്
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം ഒന്നര മാസമായിട്ടും ലഭിക്കാതെ പ്രളയ ബാധിതർ ദുരിതത്തിൽ. വീടും ഉപജീവന മാർഗങ്ങളും നഷ്‌ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി ജില്ലയിൽ ആയിരത്തോളം പേരാണ് കാത്തിരിക്കുന്നത്. ഇതുവരെ ഒരാൾക്ക് പോലും സഹായം ലഭിച്ചിട്ടില്ല. ഓരോ കുടുംബത്തിനും 10000 രൂപ വീതവും തൊഴിലിന് പോകാൻ കഴിയാത്തവർക്ക് ദിവസേന മൂന്നൂറ് രൂപയെന്ന കണക്കിൽ ഏഴുദിവസത്തേക്ക് നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. ഇത്തരത്തിൽ ജില്ലയിൽ ഒരുകോടിയിലധികം രൂപ നൽകാനുണ്ട്. കഴിഞ്ഞ മാസം പെയ്‌ത കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്‌ടമുണ്ടാകുകയും കൃഷിയിടങ്ങൾ ഉൾപ്പെടെ നശിക്കുകയും ചെയ്തു. ജില്ലയിൽ മിക്കയിടങ്ങളിലും മഴ കാര്യമായി ബാധിച്ചെങ്കിലും കൂടുതൽ നാശം വിതച്ചത് കോഴിക്കോട് താലൂക്കിലായിരുന്നു. സാധാരണക്കാർക്ക് ആശ്വാസമായി തുക അനുവദിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും പ്രഖ്യാപനം വാക്കിൽ ഒതുങ്ങി. നിലവിൽ 139 പേരുടെ അപേക്ഷ പരിഗണനയിലാണെന്നും ഉടൻ വിതരണം ചെയ്യുമെന്നുമാണ് ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചത്. കൂടുതൽ നാശം വിതച്ച കോഴിക്കോട് താലൂക്കിൽ 88 പേർക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഇത് എന്ന് കിട്ടുമെന്ന് വ്യക്തമല്ല. ഇതുകൂടാതെ എണ്ണൂറിലധികം അപേക്ഷകൾ പട്ടികയ്ക്ക് പുറത്താണ്. വിവിധ അപേക്ഷകൾ വില്ലേജ് ഓഫീസർമാരുടെ പരിഗണനയിലാണ്. ഇതിന് ശേഷം താലൂക്ക് ഓഫീസ് വഴിയാണ് അപേക്ഷ ദുരന്ത നിവാരണ വിഭാഗത്തിലെത്തേണ്ടത്. ഇൗ തുക എന്നുകിട്ടുമെന്ന ആശങ്കയിലാണ് ദുരിതബാധിതർ.










0 comments