കോടികളുടെ നഷ്ടം
ഓർക്കാട്ടേരിയിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

ഓർക്കാട്ടേരി ടൗണിലെ തീപിടിത്തം
ഓർക്കാട്ടേരി
ഓർക്കാട്ടേരി ടൗണിൽ ഇരുനില കെട്ടിടത്തിലെ നിരവധി കടകൾ കത്തിനശിച്ചു. വ്യാഴം രാത്രി ഒന്പതോടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഇവ ബ്രൈഡ് ഫാൻസി കടയിൽനിന്ന് തീ ഉയർന്നത്. ചെരുപ്പ്, ഫാൻസി, കുട്ടികളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു. ഏറാമല ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, കോട്ടക്കൽ വൈദ്യശാല, പഴക്കട ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് തീ പടർന്നു. പത്തോളം മുറികളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കുൾപ്പെടെ തീ പടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വടകരയിൽനിന്നും നാദാപുരത്തുനിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മണിക്കൂറുകൾ പരിശ്രമിച്ച് രാത്രി വൈകിയാണ് തീയണച്ചത്. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനത്തിലെ വെള്ളം പെട്ടെന്ന് തീർന്നത് പ്രശ്നങ്ങൾക്കിടയാക്കി. വാഹനത്തിൽ വീണ്ടും വെള്ളം നിറച്ചാണ് തീ കെടുത്തിയത്. നാദാപുരം, പാനൂർ, തലശേരി എന്നിവിടങ്ങളിൽനിന്നും അഗ്‌നിരക്ഷാസേനയെത്തി. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. വടകര, എടച്ചേരി, നാദാപുരം സ്റ്റേഷനുകളിലെ പൊലീസും സ്ഥലത്തെത്തി.









0 comments