ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ ദീപപ്രഭയിൽ
ഫറോക്ക്
ബേപ്പൂരിന്റെ ദീർഘനാളായുള്ള ഒരുസ്വപ്നംകൂടി സഫലമാകുന്നു. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകളെല്ലാം ഒരുകുടക്കീഴിലാക്കാൻ നിർമിച്ച ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ ശനിയാഴ്‌ച നാടിന് സമർപ്പിക്കും. 10 കോടി രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പിന് കീഴിൽ ഫറോക്ക് ചുങ്കത്ത് നിർമാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയം വൈകിട്ട് അഞ്ചിന് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കോഴിക്കോട് - രാമനാട്ടുകര പഴയ ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന വാണിജ്യ നികുതി ചെക്ക് പോസ്റ്റ് പൊളിച്ചുനീക്കിയാണ് 23 സെന്റിൽ 22,000 ചതുരശ്ര അടി വിസ്തൃതിയിൽ പൂർണമായും ഭിന്നശേഷി സൗഹൃദമായി മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമുച്ചയം നിർമിച്ചിരിക്കുന്നത്. സബ് ട്രഷറി, ഫറോക്ക് വില്ലേജ് ഓഫീസ്, ജിഎസ്ടി ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ്, എഇഒ ഓഫീസ് എന്നിവ പുതിയ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കും. വില്ലേജ് ഓഫീസ്, എഇഒ ഓഫീസ്, അസി. ലേബർ ഓഫീസ് എന്നിവയിലേക്കുള്ള ഫർണിച്ചറുകൾ എത്തിക്കുന്നതോടെ മൂന്ന് ഓഫീസുകളും വൈകാതെ പ്രവർത്തനമാരംഭിക്കും.ഫറോക്ക് വില്ലേജ് ഓഫീസ്, സബ് ട്രഷറി എന്നിവ താഴത്തെനിലയിലും എഇഒ ഓഫീസും ജിഎസ്ടിയുടെ ഒരുവിഭാഗവും ഒന്നാംനിലയിലും രണ്ടാംനിലയിൽ പൂർണമായും ജിഎസ്ടി ഓഫീസും മൂന്നാംനിലയിൽ അസി. ലേബർ ഓഫീസ്, കോൺഫറൻസ് ഹാൾ, ലോബി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുമാകും. ലിഫ്റ്റ്, ഇരുഭാഗത്തും ഗോവണികൾ, എല്ലാ നിലകളിലും ശുചിമുറികൾ, കുടിവെള്ളം, ഇലക്ട്രിക്കൽ റൂം ഉൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്.










0 comments