രോഷാഗ്നിയായി
കർഷക പ്രതിഷേധം

കര്‍ഷകസംഘം കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശന്‍ ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് നെല്ല് സംഭരണത്തിന് കേരളം കർഷകർക്ക് അധികമായി നൽകുന്ന തുക തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ ഉജ്വല മാർച്ച്. കർഷകസംഘം നേതൃത്വത്തിൽ ആദായനികുതി ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. നെല്ല് സംഭരണത്തിന് 23.20 രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാൽ, കേരളം 6.80 രൂപ അധികം നൽകി 30 രൂപയ്ക്കാണ് സംഭരിക്കുന്നത്. സംസ്ഥാന സർക്കാർ നിലപാടാണ് നെൽകർഷകർക്ക് ആശ്വാസമാകുന്നത്. കേരളം അധികമായി നൽകുന്ന തുക തടഞ്ഞ കേന്ദ്രനിലപാട് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ തകർക്കുന്നതാണ്. നെൽകൃഷി കർഷകരെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പിൻവലിക്കണമെന്ന് സമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. കേന്ദ്രം കേരളത്തിനെതിരായി സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതിപക്ഷം തുടരുന്ന മൗനത്തിനെതിരെയും മാർച്ചിൽ പ്രതിഷേധമുയർന്നു. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ആദായനികുതി ഓഫീസിന് മുന്നിൽ നടന്ന ധർണ കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി എം പ്രകാശൻ ഉദ്‌ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി വിശ്വൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം മെഹബൂബ്, ജില്ലാ സെക്രട്ടറി ബാബു പറശേരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി ചന്ദ്രി, കെ ഷിജു, ജില്ലാ ജോ. സെക്രട്ടറി പ്രേംകുമാർ, വൈസ് പ്രസിഡന്റ് ഒള്ളൂർ ദാസൻ എന്നിവർ സംസാരിച്ചു.











0 comments