അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ എഫ്‌എസ്‌ഇടിഒ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം
കോഴിക്കോട്
യുഡിഎഫ് സർക്കാർ നടത്തുന്ന അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധം. അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്നും മാനദണ്ഡപ്രകാരമുള്ള പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് എഫ്‌എസ്‌ഇടിഒ കലക്ടറേറ്റിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഭരണമാറ്റത്തിന്റെ മറവിൽ നിത്യരോഗികൾ, മാരകരോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ, വിരമിക്കാൻ ദിവസങ്ങൾമാത്രം അവശേഷിക്കുന്നവർ, വനിതകൾ, ക്ലാസ് ഫോർ വിഭാഗം ജീവനക്കാർ എന്നിങ്ങനെ പ്രത്യേക പരിഗണന അർഹിക്കുന്ന ജീവനക്കാരെയടക്കം അന്യായമായും മാനദണ്ഡവിരുദ്ധമായും വ്യാപകമായി സ്ഥലം മാറ്റി ദ്രോഹിക്കുകയാണ്. പുതിയ സർക്കാർ രൂപീകരണത്തിന്റെ ചർച്ച ആരംഭിക്കുംമുമ്പേ സംസ്ഥാന ജീവനക്കാരെ സ്ഥലംമാറ്റി. ഓരോ ഓഫീസിലെയും സ്ഥലംമാറ്റത്തിന് പട്ടിക തയ്യാറാക്കി സംഘടനകളുടെ ലെറ്റർഹെഡിൽ വകുപ്പ് മേധാവികൾക്ക് നൽകുന്നത് സിവിൽ സർവീസ് ചരിത്രത്തിലാദ്യമാണ്. നിയമവിരുദ്ധ നിർദേശങ്ങൾ മുഖവിലയ്ക്കെടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് സ്ഥലംമാറ്റങ്ങൾ നടത്തുന്നത്. സീനിയോറിറ്റിയും പരിഗണനാർഹമായ ഇതര യോഗ്യതകളുമനുസരിച്ച് സുതാര്യമായി നടന്ന പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ഹംസ കണ്ണാട്ടിൽ ഉദ്‌ഘാടനംചെയ്‌തു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്ത്കുമാർ, ജില്ലാ പ്രസിഡന്റ് ആർ എം രാജൻ എന്നിവർ സംസാരിച്ചു.











0 comments