ഇന്ന് യോഗദിനം
എണ്‍പത്തിയാറിലും 17ന്റെ ചെറുപ്പം

പൂക്കാട് ദേവിയമ്മ യോഗപരിശീലനത്തിൽ
സ്വന്തം ലേഖിക കോഴിക്കോട് പ്രായം തൊണ്ണൂറിനോട് അടുക്കുമ്പോഴും ദേവിയമ്മയ്ക്ക് പതിനേഴിന്റെ ചുറുചുറുക്കാണ്. വീട്ടിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടമല്ലാത്ത ദേവിയമ്മയുടെ ചെറുപ്പത്തിന്റെ രഹസ്യമാകട്ടെ ദിവസേനയുള്ള യോഗ പരിശീലനവും. പൂക്കാട് സ്വദേശി ദേവിയമ്മ തുടർച്ചയായി യോഗചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷമായി. മകൻ സതീശനും മരുമകൾ സജിതയുമാണ് കൃഷ്ണകുമാർ ആശാന്റെ യോഗാശ്രമത്തിൽ എത്തിച്ചത്. അറുപതിനുമുകളിൽ പ്രായമുള്ളവർക്കായുള്ള പ്രത്യേക ക്ലാസിലായിരുന്നു പരിശീലനം. "മനസ്സിനും ശരീരത്തിനും ഒരുപോലെ സന്തോഷം നൽകുന്നതാണ് യോഗ. ഈ പ്രായത്തിൽ ജീവിതം ഇങ്ങനെ ആസ്വദിക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. മുമ്പുള്ള ശരീരവേദനകളെല്ലാം ഇപ്പോൾ നന്നേ കുറഞ്ഞു. ഓർമശക്തി കൂട്ടാനുള്ള പല യോഗമുറകൾ ക്ലാസിൽ നടക്കാറുണ്ട്. മരിക്കുവോളം യോഗചെയ്യണമെന്നാണ് ആഗ്രഹം' ദേവിയമ്മ പറഞ്ഞു. ആഴ്ചയിൽ രണ്ട് ദിവസം രാവിലെമുതൽ വൈകിട്ടുവരെയാണ് ചേമഞ്ചേരിയിലെ സെൻ ലൈഫ് ആശ്രമത്തിൽ വയോജനങ്ങൾക്കായുള്ള പ്രത്യേക പരിശീലനം നടക്കുന്നത്. ധ്യാനവും നാച്ചുറോപ്പതിയുമെല്ലാം ക്ലാസിൽ ഉൾപ്പെടും. 15 പേരാണ് ദേവിയമ്മയുടെ ബാച്ചിലുള്ളത്.









0 comments