ചികിത്സാപ്പിഴവ് കാരണം മരണം
ഫറോക്ക് താലൂക്കാശുപത്രിയിലേക്ക് *ഡിവൈഎഫ്ഐ പ്രതിഷേധം

ഫറോക്ക് താലൂക്കാശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡൻ്റ് കെ അരുൺ ഉദ്ഘാടനം ചെയ്യുന്നു.
ഫറോക്ക്
ചികിത്സാപ്പിഴവ് കാരണം രോഗി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഫറോക്ക് താലൂക്കാശുപത്രിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ചുങ്കത്തുനിന്നാരംഭിച്ച മാർച്ച് ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു. ഫറോക്ക് നഗരസഭയിലെ അഞ്ച് മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് കെ അരുൺ ഉദ്ഘാടനംചെയ്തു.
ജൂൺ 11ന് പുലർച്ചെ ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സക്കായി പ്രവേശിപ്പിച്ച നല്ലൂർ സ്വദേശിയായ കോട്ടായി മോഹൻദാസ് (63) മരിച്ചിരുന്നു. അടിയന്തര ചികിത്സ നൽകാതെ വീഴ്ചവരുത്തിയതാണ് മരണത്തിനിടയാക്കിയതെന്ന് കാണിച്ച് മകൻ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ശ്വാസതടസ്സമുണ്ടായിരുന്ന രോഗിയെ പ്രവർത്തനക്ഷമമല്ലാത്ത ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചാണ് ചികിത്സ നൽകിയതെന്നും വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ ചുമതലക്കാർ അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട്. പരാതി ഉയർന്നതോടെ ആശുപത്രി സൂപ്രണ്ട് ദീർഘകാല അവധിയിൽ പ്രവേശിച്ചതായും ആരോപണമുണ്ട്. എം ജിനീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ ഷെഫീഖ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി സന്ദേശ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി ഷിജു എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ദിൽഷിദാസ് സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.











0 comments