കോടിമത പാലം
മഴ കനത്തു, ടാറിങ് നീളും

കോടിമത പുതിയ പാലത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിയിട്ടിരിക്കുന്ന ലോറി. സമീപത്ത് പഴയ പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളും കാണാം
കോട്ടയം
മഴ കനത്തതിനാൽ എംസി റോഡിൽ കോടിമത പുതിയ പാലത്തിന്റെയും സമീപനപാതയുടെയും ടാറിങ് നീളും. പുതിയ പാലത്തിന്റെ ടാറിങ് ഒരാഴ്‌ച കൊണ്ട് പൂർത്തിയാക്കിയശേഷം പഴയ പാലത്തിന്റ സമീപന പാതയിലെ തകരാർ പരിഹരിക്കുക ആയിരുന്നു ലക്ഷ്യം. മഴതുടർന്നാൽ പുതിയ പാലത്തിലെ ടാറിങ് നീളുമെന്ന് അധികൃതർ പറഞ്ഞു. മഴ തീവ്രമായാൽ പഴയ പാലത്തിലെ മണ്ണിരുന്ന ഭാഗം വീണ്ടും അപകടാവസ്ഥയിലാകുമോ എന്നും ആശങ്കയുണ്ട്. കോട്ടയം ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറുന്ന സമീപനപാതയാണ് ഒരു വശം ചരിഞ്ഞ് അപകടാവസ്ഥയിലായത്. വ്യാഴാഴ്‌ച മുതൽ അറ്റകുറ്റപ്പണി പ്രഖ്യാപിച്ചെങ്കിലും റോഡ് പൂർണമായും അടച്ചാൽ നഗരം കുരുക്കിലാകുമെന്നായതോടെ അവസാന നിമിഷം നിർമാണം മാറ്റിവയ്‌ക്കുകയായിരുന്നു. പുതിയ പാലം: ടാറിങ് ബാക്കി 15.49 കോടിയാണ് പാലത്തിന്റെ നിർമാണത്തിന് ചെലവായത്. 127.83 മീറ്റർ നീളവും ഫുട്‌പാത്ത് അടക്കം 12 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. കോട്ടയത്തേക്കുള്ള ഭാഗത്ത് 140 മീറ്ററും ചങ്ങനാശേരിയിലേക്കുള്ള ഭാഗത്ത് 71 മീറ്ററുമാണ് പാലത്തിന്റെ സമീപനപാത. സമീപനപാതയിൽ മെറ്റലും മണലും ചേർത്ത മിശ്രിതമായ വെറ്റ് മിക്സ് മക്കാഡം ഇട്ട് ഉറപ്പിച്ചിരുന്നു. എന്നാൽ ടാറിങ് നടന്നില്ല. കനത്ത മഴയിൽ മിക്സ് പലയിടത്തും ഒലിച്ചു പോയതിനാൽ വീണ്ടും വെറ്റ് മിക്സ് മക്കാഡം ഇട്ട് ഉറപ്പിക്കണം. തുടർന്നാണ് ടാർ ചെയ്യുക. സമീപനപാതയിൽ ബിഎം ആൻഡ് ബിസി ടാറിങ്ങും പാലത്തിൽ ബിസി ടാറിങ്ങുമാണ് ചെയ്യേണ്ടത്. മഴ മാറിനിൽക്കാതെ ടാറിങ് തുടങ്ങാനാകാത്ത സ്ഥിതിയാണ്. പഴയപാലം: റോഡ് കുഴിച്ച് പരിശോധിക്കണം പഴയ പാലത്തിലേക്കുള്ള സമീപന പാതയിലെ മണ്ണിരുന്ന് ഒരു ഭാഗം ചരിഞ്ഞുപോയതാണ് ഇവിടെ പ്രശ്‌നം. ദേശീയപാത വിഭാഗമാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. 40- വർഷത്തിലധികം പഴക്കമുള്ള കുടിവെള്ള പൈപ്പ്‌ലൈൻ റോഡിന്റെ അടിയിലൂടെ പോകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെയും കെഎസ്ഇബിയുടെയും കേബിളുമുണ്ട്. കുടിവെള്ള പൈപ്പിൽ ചോർച്ചയുണ്ടായി മണ്ണ് ഇരുന്നതാകാം എന്നാണ് സംശയിക്കുന്നത്. ചരിഞ്ഞ ഭാഗത്തെ റോഡ് കുഴിച്ചാകും പരിശോധന. പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടെങ്കിൽ അത് പരിഹരിച്ചശേ ഷമായിരിക്കും റോഡ് ബലപ്പെടുത്തി ഗതാഗതം പുനഃസ്ഥാപിക്കുക.











0 comments