print edition ഖമനേയിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്ത്യാഭിവാദ്യമർപ്പിക്കാൻ ജനലക്ഷങ്ങൾ

ആയത്തുള്ള അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇറാന്റെ ദേശീയപതാക പുതപ്പിച്ച് പൊതുദർശനത്തിന് വച്ചപ്പോൾ | PHOTO: AFP
തെഹ്റാൻ: യുഎസ്–-ഇസ്രയേൽ സഖ്യം കൊലപ്പെടുത്തിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് തുടക്കമായി. ആക്രമണത്തിന്റെ ആദ്യദിവസം കൊല്ലപ്പെട്ട ഖമനേയിയുടെ മൃതദേഹം നാലുമാസത്തിനുശേഷം ഖബറടക്കുന്പോൾ അമേരിക്ക ഇറാന്റെ നിലപാട് അംഗീകരിച്ച് താൽകാലിക വെടിനിർത്തൽക്കരാർ ഒപ്പിട്ടുകഴിഞ്ഞു.
വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് തെഹ്‌റാനിൽ പൊതുദർശന ചടങ്ങുകൾ ആരംഭിച്ചത്. ദേശീയപതാക പുതപ്പിച്ച മൃതശരീരം വെള്ളിയാഴ്ച ഗ്രാൻഡ് മൊസല്ല മസ്ജിദിൽ എത്തിച്ചു. ശനിയാഴ്ച നടക്കുന്ന ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിൽ ജനലക്ഷങ്ങൾ പങ്കെടുക്കും. റഷ്യ, ചൈന, പാകിസ്ഥാൻ അടക്കം നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ തെഹ്റാനിൽ എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി.
ഫെബ്രുവരി 28-നാണ് എൺപത്താറുകാരനായ ഖമനേയിയും കുടുംബാംഗങ്ങളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാഴ്‌ച ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളിലായി വിലാപയാത്രയും മതപരമായ ചടങ്ങുകളും നടക്കും. ജന്മനാടായ മഷാദിലെ ഇമാം റിസ തീർത്ഥാടനകേന്ദ്രത്തിൽ ജൂലൈ ഒന്പതിന് ഖബറടക്കും. ഖമനേയിയുടെ മകൾ, കൊച്ചുമകൾ, കുടുംബാംഗങ്ങൾ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം ഖബറടക്കും.
ഇറാന്റെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ പ്രധാന ഔദ്യോഗിക ചടങ്ങാണിത്.











0 comments