print edition വീര്യംകുറഞ്ഞ മദ്യം: നീക്കം വേഗത്തിലാക്കി സർക്കാർ


വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 04, 2026, 01:05 AM | 1 min read
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. അബ്‌കാരി ആക്ട് ഭേദഗതിയുൾപ്പെടെ മദ്യനയരൂപീകരണ നടപടികളുടെ പ്രാരംഭഘട്ടത്തിലേക്ക് എക്‌സൈസ് വകുപ്പ് കടന്നു. മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 എന്നത് കർശന നിബന്ധനകളോടെ നടപ്പാക്കണമെന്ന ഉത്തരവ് ഉടൻ ഇറക്കും. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പക്കലെത്തി.
വീര്യംകുറഞ്ഞ മദ്യം വിപണിയിലെത്തിയാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ശീതളപാനീയംപോലെ വാങ്ങി ഉപയോഗിക്കുമെന്നും അതിലൂടെ വ്യാപകമായി മദ്യം ഉപയോഗിക്കാൻ തുടങ്ങുമെന്നുമുള്ള വിമർശമാണ് ഉയരുന്നത്. മദ്യം വാങ്ങുന്നയാൾക്ക് 23 വയസ് തികയണം എന്ന നിബന്ധന കർശനമാക്കി പൊതുസമൂഹത്തിന്റെ വായടപ്പിക്കാനാണ് സർക്കാർ ശ്രമം.
ഉപഭോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം പിണറായി സർക്കാരാണ് അബ്‌കാരി നിയമത്തിൽ 15–സി വകുപ്പ് ഭേദഗതി ചെയ്‌ത് പ്രായപരിധി 23 ആക്കിയത്. 18, 21 എന്നിങ്ങനെയായിരുന്നു മുന്പ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി. സർക്കാരിന്റെ മദ്യ വിൽപ്പനശാലകൾ, ബാറുകൾ എന്നിവിടങ്ങളിൽ ആധാർ കാർഡ് പരിശോധിച്ചേ മദ്യം വിൽക്കാവൂ എന്ന നിബന്ധന ആക്ടിൽ പുതിയതായി ഉൾപ്പെടുത്താനാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കം. ഇതിലൂടെ വിദ്യാർഥികൾക്ക് മദ്യം ലഭിക്കില്ല എന്ന പ്രതീതി സൃഷ്‌ടിച്ച് പ്രതിഷേധം ഒഴിവാക്കാനുമാകും. അടുത്ത ഏപ്രിലിലാണ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുക. അതിനിടയിൽ നടപടികൾ പൂർത്തീകരിക്കാനുള്ള തിടുക്കത്തിലാണ് സർക്കാർ.











0 comments