ഇന്ന് മഞ്ഞ അലർട്ട്
മഴ തന്നെ മഴ

കോട്ടയം
ജില്ലയിൽ കാലവർഷം കനക്കുന്നു. വെള്ളി രാവിലെ മുതൽ കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നത്. വരുംദിവസങ്ങളിലും മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി കോട്ടയത്ത് 60 മില്ലിമീറ്ററും കുമരകത്ത് 51ഉം വടവാതൂർ 40.5ഉം വൈക്കത്ത് 35.5 മില്ലിമീറ്ററും മഴ ലഭിച്ചു. മലയോര മേഖലയിൽ ഉൾപ്പെടെ ശക്തമായ കാറ്റോട് കൂടിയ മഴയാണ് പെയ്യുന്നത്. കാര്യമായി നഷ്ടം റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ, പല പ്രദേശങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശനിയാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന എൽനിനോ പ്രതിഭാസമാണ് മഴ കുറയാൻ പ്രധാന കാരണം. പസഫിക്കിലെ ഈ മാറ്റം പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയ്ക്കുകയും കേരള തീരത്തേയ്‌ക്ക് മഴമേഘങ്ങൾ എത്തുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ് കാലവസ്ഥ അറിയിപ്പ്. മഴയിൽ ശ്രദ്ധിക്കാം • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്‌ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. • നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം • അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മാറിത്താമസിക്കണം. • കാറ്റിൽ മരങ്ങൾ കടപുഴകി വീണും തൂണുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം. •പത്രം, -പാൽ വിതരണംപോലുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം • വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം • കൃഷിയിടങ്ങളിൽകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.











0 comments