print edition പകർച്ചവ്യാധിയിൽ വലഞ്ഞ് കുഞ്ഞുങ്ങളും; ഒരു മാസത്തിൽ 306 പേർക്ക് മുണ്ടിനീര്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിൽ കുട്ടികളും വലയുന്നു. ഷിഗല്ല, മുണ്ടിനീര്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരിൽ അധികവും കുട്ടികളാണ്. ആലപ്പുഴ, തുമ്പോളി എസ്‌എൻവി സ്‌കൂളിൽ എട്ടു കുട്ടികൾക്ക് മുണ്ടിനീര് ബാധിച്ചതോടെ സ്കൂൾ 10 ദിവസത്തേക്ക് അടച്ചു. ഒരു മാസത്തിനിടെ 306 പേർക്കാണ് സംസ്ഥാനത്താകെ മുണ്ടിനീര് സ്ഥിരീകരിച്ചത്.
ഷിഗല്ല ബാധിച്ച് കോഴിക്കോട്ടും മലപ്പുറത്തും ഒരുമാസത്തിനിടെ രണ്ട് കുട്ടികൾ മരിച്ചു. ഷിഗല്ലമൂലം തൃക്കുന്നപ്പുഴയിൽ സ്‌കൂൾ രണ്ടാഴ്‌ച വൈകിയാണ് തുറന്നത്. വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ 164 കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
മഴക്കാല പൂർവശുചീകരണം സ്കൂളുകളിലും പാളിയതോടെ ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ വൈറ്റമിൻ എ വിതരണവും മുടങ്ങി. ആശുപത്രികളിൽ കൃത്യമായി മരുന്നെത്തിക്കുന്നില്ല. പല ആശുപത്രികളിലും അവശ്യമരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്.
പിടിവിടാതെ ഡെങ്കിപ്പനി
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം അതിഗുരുതരമായി തുടരുന്നു. വെള്ളിയാഴ്‌ച 150 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 330 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഒരു മാസത്തിൽ 2,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ടുപേർ വിവിധ ജില്ലകളിൽ മരിച്ചു. തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ. ആറു പേർക്കൂകൂടി പുതുതായി ഷിഗല്ല സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ ഷിഗല്ല രോഗബാധിതരുടെ എണ്ണം 235 ആയി. വെള്ളിയാഴ്‌ച മാത്രം 11,130 പേർക്കാണ് പനി ബാധിച്ചത്.











0 comments