ജില്ലാ ശാസ്ത്രോത്സവം നാളെ തുടങ്ങും

വടകര
ജില്ലാ സ്കൂൾ ശാസ്ത്രോത്സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി വടകരയിൽ നടക്കും. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വടകര നഗരത്തിലെ അഞ്ച് സ്‌കൂളുകളിലും നഗരസഭാ ടൗൺഹാളിലുമായാണ് മേള നടക്കുന്നത്. ഐടി മേളകളും വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റിവലും ശാസ്ത്രമേളയുടെ ഭാഗമായി നടക്കും. മത്സരാർഥികൾക്കുള്ള രജിസ്ട്രേഷൻ വ്യാഴം പകൽ രണ്ടുമുതൽ വടകര സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ആരംഭിക്കും. വെള്ളി രാവിലെ ഒമ്പതരക്ക് സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനാകും. വ്യാഴം രാവിലെ ഒമ്പതരമുതൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യ ശാസ്ത്രമേളയോടെ ശാസ്‌ത്രോത്സവത്തിന് തുടക്കമാകും. വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഒമ്പതരമുതൽ ഗണിതശാസ്ത്രമേള പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ശാസ്ത്രമേള എംയുഎം വിച്ച്എസ്എസിലും പ്രവൃത്തി പരിചയമേള സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലും ഐടി മേള ബിഇഎം ഹയർ സെക്കൻഡറി സ്കൂളിലും വൊക്കേഷണൽ എക്‌സ്‌പോ, സ്‌കിൽ ഫെസ്റ്റ് എന്നിവ ടൗൺഹാളിലും നടക്കും. സമാപന സമ്മേളനം ശനി വൈകിട്ട് ആറിന് സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യും. 171 ഇനങ്ങളിലായി നാലായിരത്തിലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്‌ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ "വണ്ടി' ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച "തൊണ്ട' നാടകത്തിനാണ് രണ്ടാംസ്ഥാനം.








0 comments