ad
Deshabhimani

നിപാ ആശങ്കയിൽ ജില്ല

നിപാ രോഗിയെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ നിന്നുള്ള മാലിന്യം  പുറത്തേക്ക കൊണ്ടുപോകുന്ന ആരോഗ്യ പ്രവർത്തകർ
വെബ് ഡെസ്ക്

Published on Jun 12, 2026, 12:38 AM | 1 min read

കോഴിക്കോട്‌

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക്‌ നിപാ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ല കടുത്ത ആശങ്കയിലേക്ക്‌. സ്വകാര്യ ആശുപത്രിയിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയ രാമനാട്ടുകര സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്‌. നിലവിൽ വെന്റിലേറ്ററിലാണ്‌. അതിതീവ്ര ജാഗ്രതാ പട്ടികയിലുള്ള രണ്ടുപേരെയും അതിജാഗ്രതാ പട്ടികയിലുള്ള 13 പേരെയും സന്പർക്കവിലക്കിലാക്കി. നിപാ ബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്ന 62 പേർ ജാഗ്രത കുറഞ്ഞ വിഭാഗത്തിലാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. ഇവർക്ക്‌ സന്പർക്കവിലക്കില്ല. രോഗബാധിതൻ ചികിത്സ തേടിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവരാണ്‌ സമ്പർക്ക പട്ടികയിലുള്ളത്‌. അതേസമയം, സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ലെന്നാണ്‌ ആരോഗ്യവകുപ്പിന്റെ വിശദീകരണം. നിപാ വൈറസ്‌ ബാധിച്ചത്‌ എവിടെ നിന്നെന്ന്‌ കൃത്യമായി കണ്ടെത്താനായിട്ടില്ല. ബിസിനസ്‌ സംബന്ധമായി എടുത്ത ഗോഡ‍ൗൺ രോഗബാധിതൻ വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. രോഗിയുടെ വീട്ടിലെ സപ്പോട്ട മരത്തിൽ വവ്വാലുകൾ ഉള്ളതായും സംശയിക്കുന്നു. ഇതിൽ ഏതാണ്‌ നിപായുടെ ഉറവിടമെന്ന്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്ന്‌ കലക്ടർ എം എസ്‌ മാധവിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടുക്കം മാറാത്ത ഓർമകൾ കോഴിക്കോട്‌ വീണ്ടുമൊരിക്കൽകൂടി ജില്ലയിൽ നിപാ റിപ്പോർട്ട്‌ ചെയ്യുമ്പോൾ ജില്ലയ്ക്ക്‌ നിപായുടെ നടുക്കുന്ന ഓർമകൾ. 2018ലാണ്‌ ആദ്യമായി നിപാ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. സിസ്റ്റർ ലിനിയടക്കം 17 പേർക്കാണ്‌ അന്ന്‌ ജീവൻനഷ്ടമായത്‌. പിന്നീട്‌ 2021ലും 2023ലും നിപാ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. എൽഡിഎഫ്‌ സർക്കാരിൽ ആരോഗ്യമന്ത്രിമാരായിരുന്ന കെ കെ ശൈലജയും വീണാ ജോർജും കോഴിക്കോട്‌ ക്യാമ്പ്‌ ചെയ്തായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിപാഭീതി വരുതിയിലാക്കുകയുംചെയ്തത്‌. ഐസിഎംആർ സംഘം 
ജില്ലയിലെത്തും കോഴിക്കോട്‌ ജില്ലയിൽ വീണ്ടും നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംഘം അടുത്ത ദിവസം ജില്ലയിലെത്തും. നിപാ ബാധിതന്റെ വീടും രോഗത്തിന്റെ ഉറവിടകേന്ദ്രമായി സംശയിക്കുന്ന ഗോഡ‍ൗണും പരിസരങ്ങളും സംഘം പരിശോധിക്കും. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരുമടങ്ങിയ സംഘമാണ്‌ സന്ദർശിക്കുന്നത്‌. അതേസമയം, രോഗ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ്‌ ആരംഭിച്ചു. ഗോഡൗൺ, സമീപ പ്രദേശങ്ങളിലെ മരങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ്‌ ഉറവിടമായി സംശയിക്കുന്നത്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home