കായികമത്സരത്തിൽ ബാലുശേരി റേഞ്ച് ജേതാക്കൾ
ജില്ലാ എക്സൈസ് കലാ-കായികമേള

ജില്ലാ എക്സൈസ് കലാ കായികമേളയിൽ വനിതാ വിഭാഗം ഡിസ്കസ് ത്രോ മത്സരത്തിൽനിന്ന്
കോഴിക്കോട് മുന്നൂറിലധികം ജീവനക്കാർ പങ്കെടുത്ത ജില്ലാതല എക്സൈസ് കലാ-–കായികമേള കെ ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജിമ്മി ജോസഫ് അധ്യക്ഷനായി. നവംബർ 11, 12, 13 തീയതികളിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന എക്സൈസ് കലാ -കായിക മേളയ്ക്ക് മുന്നോടിയായാണ് ജില്ലാതല മത്സരങ്ങൾ. 100 മീറ്റർ ഓട്ടം, ഷോട്‌പുട്ട്, ഡിസ്‌കസ് ത്രോ, സൗഹൃദ വടംവലി ഉൾപ്പെടെ 15 കായിക ഇനങ്ങളിലും ചിത്രരചന, കഥാരചന, കവിതാരചന തുടങ്ങിയവ ഉൾപ്പെടുന്ന അഞ്ച് വിഭാഗങ്ങളിലായി 22 കലാ -സാഹിത്യ മത്സരങ്ങളിലുമാണ് ജീവനക്കാർ മാറ്റുരച്ചത്. കായിക മത്സരങ്ങളിൽ ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസ് ടീം ഒന്നാം സ്ഥാനവും ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് ടീം രണ്ടാം സ്ഥാനവും നേടി. ഉദ്ഘാടന ചടങ്ങിൽ കോർപറേഷൻ കൗൺസിലർ ശ്രീജ സുരേഷ്, കെ സുരേന്ദ്രൻ, കെ എം ഉല്ലാസ്, ടി നിജുമോൻ, എസ് എസ് സിജു, സി സന്തോഷ് കുമാർ, കെ സുധാകരൻ, എൻ പി പ്രബീഷ്, സജിൻ എന്നിവർ സംസാരിച്ചു.









0 comments