പ്രതിരോധം അവതാളത്തിൽ; ജനം ആശങ്കയിൽ

കോഴിക്കോട്
ഭരണനേതൃത്വം കാഴ്ചക്കാരായി നോക്കിനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിപാ പ്രതിരോധം താളംതെറ്റുന്നു. ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും തയ്യാറാകാത്തതാണ് പ്രധാന പ്രതിസന്ധി. കൃത്യമായ വിവരങ്ങൾ കൈമാറാനോ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ഉദ്യോഗസ്ഥതലത്തിലും സംവിധാനമില്ലാതായതോടെ ജനങ്ങൾ ആശങ്കയി ലാണ്. 2018ൽ നിപാ സ്ഥിരീകരിച്ച ഘട്ടത്തിൽ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രോട്ടോക്കോൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ആരോഗ്യപ്രവർത്തകർ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്. മേൽനോട്ടത്തിനും ഏകോപനത്തിനും ആളില്ലാതായത് ഇവരെയും പ്രതിസന്ധിയിലാക്കുന്നു. സമ്പർക്കപ്പട്ടികയും രോഗിയുടെ റൂട്ട് മാപ്പും യഥാസമയം പുറത്തുവിടുന്നതിൽ ആരോഗ്യവകുപ്പും ഭരണനേതൃത്വവും പരാജയപ്പെട്ടു. നിപാ സ്ഥിരീകരിച്ചുള്ള പരിശോധനാഫലം ജനങ്ങളെ അറിയിച്ചതിൽപോലും മന്ത്രിയും കലക്ടറും രണ്ടുതട്ടിലായി. താൻ വിവരങ്ങൾ പൂർണമായി അറിയാത്തതിന്റെ പഴി കലക്ടറുടെ തലയിൽ ചാരി രക്ഷപ്പെടാനായിരുന്നു മന്ത്രിയുടെ നീക്കം. സമ്പർക്കവിലക്ക് പൂർണമായി നടപ്പാക്കുന്നതിലും സമ്പർക്ക നിരോധിത മേഖലകൾ പ്രഖ്യാപിക്കുന്നതിലും വകുപ്പ് പൂർണമായി പരാജയപ്പെട്ടു. ഏകോപനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി സ്ഥലം എംഎൽഎകൂടിയായ പി എ മുഹമ്മദ് റിയാസിന് കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടി വന്നു. സമ്പർക്കവിലക്കിലുള്ളവരെ വിളിക്കാൻ ജനപ്രതിനിധിയെപ്പോലും അനുവദിക്കേണ്ടതില്ല എന്ന നിലപാടാണ് ആരോഗ്യമന്ത്രിയടക്കം ഭരണനേതൃത്വത്തിനും ഉന്നത ഉദ്യോഗസ്ഥർക്കുമുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളുടെ ഫലം നെഗറ്റീവാണെന്നത് മാത്രമാണ് നിലവിൽ ആശ്വസിക്കാനുള്ളത്. രോഗിക്ക് ചുമയുണ്ടായിരുന്നില്ല എന്നതിനാൽ, കൂടുതലാളുകളിലേക്ക് രോഗമെത്താൻ സാധ്യതയില്ലെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. ഏകോപന പ്രവർത്തനങ്ങൾ പാളിയതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. ശനി വൈകിട്ട് കോഴിക്കോട്ടും രാമനാട്ടുകരയിലും സിപിഐ എം നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നു.










0 comments