ad
Deshabhimani

അരയ്ക്കുമീതെ വെള്ളം വന്നാൽ... അതിനുമീതെ ആഘോഷം

പ്രഭാകരനും കുടുംബവും വെള്ളക്കെട്ടിൽ പിറന്നാൾ ആഘോഷത്തിൽ

പ്രഭാകരനും കുടുംബവും വെള്ളക്കെട്ടിൽ പിറന്നാൾ ആഘോഷത്തിൽ

വെബ് ഡെസ്ക്

Published on Aug 08, 2026, 01:12 AM | 1 min read

കോഴിക്കോട്‌ "

തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതിനു മുകളിൽ തോണി'– പ്രളയസമയങ്ങളിലെ ആഘോഷങ്ങളും രസകരമായ സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ മിക്കവാറും പോസ്‌റ്റുകൾക്കുകീഴിൽ വരുന്ന കുറിപ്പാണിത്‌. പ്രതിസന്ധികൾ അതിരുകടക്കുമ്പോൾ അതിനെ നേരിടാൻ അതിലും ശക്തമായ മാർഗം കണ്ടെത്തുക എന്നും സങ്കടങ്ങൾ വരുമ്പോൾ അതിനെ മറക്കുക എന്നും അർഥം വരുന്ന ഒരു മലയാള നാടൻ ശൈലി കൂടിയാണിത്‌. ശൈലിക്ക്‌ ചേരുന്ന പുതിയ സംഭവംക‍ൂടെ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി. കണ്ണാടിക്കൽ കൃഷ്‌ണൻകടവ്‌ സ്വദേശി പ്രഭാകരനും കുടുംബവും വ്യത്യസ്‌തമായി പിറന്നാൾ ആഘോഷിച്ചതാണ്‌ തരംഗമായത്‌. പൂനൂർ പുഴ കരകവിഞ്ഞതിന്‌ പിന്നാലെ വീടിന്റെ ഉമ്മറത്തുവരെ വെള്ളം കയറിയിരിക്കുന്ന സമയത്താണ്‌ മനന്തിലാലിൽ എം പ്രഭാകരന്റെ 66-–ാം പിറന്നാൾ ദിവസവും വന്നെത്തിയത്‌. ഭാര്യ രാധയും മകൻ ജിഷ്‌ണു പ്രസാദും ചേർന്ന്‌ ആഘോഷ പദ്ധതി തയ്യാറാക്കി. പ്രഭാകരന്റെ സഹോദരന്റെ ഭാര്യയും മകളും ചേർന്നതോടെ ആഘോഷം പൊടിപൊടിച്ചു. വീതിയുള്ള തെർമോക്കോൾ ഒപ്പിച്ചെടുത്ത്‌ വെള്ളക്കെട്ടിന്‌ മുകളിൽ വച്ച്‌ അതിനുമേലെ കേക്ക്‌ മുറിച്ചു. പിറന്നാൾ തൊപ്പിയണിഞ്ഞ പ്രഭാകരന്റെയും കുടുംബത്തിന്റെയും ആഘോഷം വാട്‌സാപ്, ഇൻസ്‌റ്റഗ്രാം സ്‌റ്റോറികളിൽ കണ്ട ആരോ വാർത്താ ചാനലുകൾക്ക്‌ കൈമാറി. ഇതോടെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പരന്നു. പല ചാനലുകളിലായി ലക്ഷം പേർ വീഡിയോ കണ്ടു. പലരും പങ്കുവച്ചു. എന്തൊക്കെ ദുരിതങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിന്റെ നല്ല സമയങ്ങൾ ആഘോഷിക്കണമെന്നും അതിൽ സങ്കടങ്ങൾ മറക്കുമെന്നും പ്രഭാകരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home