ad
Deshabhimani

ദുരിതമീ യാത്ര

Crowding, jostling, and endless clinging.
വെബ് ഡെസ്ക്

Published on Aug 17, 2026, 12:00 AM | 1 min read

കോഴിക്കോട്‌

‘തിക്കും തിരക്കും അനന്തമായ പിടിച്ചിടലും. ചിലർ തളർന്ന്‌ അവശരാകും. ചിലർ കുഴഞ്ഞുവീഴും. ആവശ്യത്തിന്‌ ട്രെയിൻ ഇല്ലാത്തതിനാൽ കോഴിക്കോട്ടുനിന്നുള്ള ട്രെയിൻ യാത്ര ദുരിതമാകുകയാണ്‌. തൃശൂർ, കണ്ണൂർ ഭാഗത്തേക്ക്‌ ആവശ്യത്തിന്‌ ട്രെയിൻ ഇല്ലാത്തതിനാൽ ജോലിക്കും മറ്റ്‌ അവശ്യകാര്യങ്ങൾക്കും കൃത്യസമയത്ത്‌ എത്താനാവാതെ കഷ്ടപ്പെടുകയാണ്‌ യാത്രക്കാർ. നിരവധി പരാതി നൽകിയിട്ടും പ്രതിഷേധങ്ങൾ നടത്തിയിട്ടും കണ്ണുതുറക്കാൻ ഇതുവരെ റെയിൽവേ തയ്യാറായിട്ടില്ല. രാവിലെ 7.40ന്‌ കോഴിക്കോട്ടുനിന്ന്‌ തൃശൂരിലേക്ക്‌ സർവീസ്‌ നടത്തിയിരുന്ന പാസഞ്ചറും വൈകിട്ട് 5.45നും 6.45നും ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന രണ്ട് വണ്ടികളും നിർത്തലാക്കിയിട്ട്‌ മൂന്നുവർഷം കഴിഞ്ഞു. ഇത്‌ യാത്രാദുരിതം ഇരട്ടിപ്പിച്ചു. രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ കോയമ്പത്തൂർ എക്‌സ്‌പ്രസും പരശുറാം എക്‌സ്‌പ്രസും മാത്രമാണ്‌ ഷൊർണൂരിലേക്കുള്ളത്‌. ഇതിൽ കോയമ്പത്തൂർ എക്‌സ്‌പ്രസിൽ നേരത്തെ 16 കോച്ചുണ്ടായിരുന്നത്‌ 12ആയി കുറച്ചു. പരശുറാമാകട്ടെ വന്ദേഭാരതിനുവേണ്ടി വിവിധയിടങ്ങളിൽ പിടിച്ചിടുന്നതിനാൽ കൃത്യസമയത്ത്‌ എത്താനുമാകുന്നില്ല. ഇതോടെ, കോയമ്പത്തൂർ എക്‌സ്‌പ്രസിനെ യാത്രക്കാർ കൂടുതലായി ആശ്രയിച്ചതോടെ കാലുകുത്താനിടമില്ലാത്ത അവസ്ഥയാണ്‌. ഷൊർണൂരിൽനിന്ന്‌ നേരത്ത 5.45ന്‌ പുറപ്പെട്ടിരുന്ന ട്രെയിൻ നിലവിൽ 9.05നാണ്‌ വരുന്നത്‌. കല്ലായിയിൽ രാത്രി 10.30നും കോഴിക്കോട്ട്‌ 11.30നുമാണ്‌ ട്രെയിൻ സമയം. ഇതിനിടയിൽ ഒരുമണിക്കൂറാണ്‌ ട്രെയിൻ നിർത്തിയിടുന്നത്‌. ഇതോടെ റെയിൽവേ സ്‌റ്റേഷനിലെത്തുന്നവർക്ക്‌ ജില്ലയിലെ ദൂരസ്ഥലങ്ങളിലേക്കുള്ള ബസുപോലും കിട്ടാത്ത അവസ്ഥയാണ്‌. കോഴിക്കോട്ടുനിന്ന്‌ കണ്ണൂരിലേക്കുള്ള യാത്രയും സമാനമാണ്‌. രാവിലെ 7.40നുള്ള കണ്ണൂർ എക്‌സ്‌പ്രസ്‌ കഴിഞ്ഞാൽ 9.15നാണ്‌ ട്രെയിനുള്ളത്‌. 9.55നുള്ള തൃശൂർ–കണ്ണൂർ എക്‌സ്‌പ്രസ്‌ മിക്ക ദിവസങ്ങളിലും അരമണിക്കൂറോളം വൈകിയാണ്‌ ഓടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home