Deshabhimani

പാലക്കാട്‌ വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2026, 12:59 AM | 2 min read

പാലക്കാട്‌

അതിജീവന പോരാട്ടങ്ങൾക്ക്‌ പുതിയ കരുത്തും ദിശാബോധവും പകർന്ന്‌ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന്‌ സമാപനം. ജില്ലാ കമ്മിറ്റി ഓഫീസായ എം പി കുഞ്ഞിരാമൻ മാസ്റ്റർ മന്ദിരത്തിൽ (സ. സീതാറാം യെച്ചൂരി നഗർ) ശനി രാവിലെ തുടങ്ങിയ യോഗം ഞായർ ഉച്ചയോടെ സമാപിച്ചു. ഞായർ രാവിലെ 10 മുതൽ പൊതുചർച്ച തുടർന്നു. എം വി ഗോവിന്ദൻ, ഇ എൻ സുരേഷ്‌ബാബു എന്നിവർ ചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയായി വി ചെന്താമരാക്ഷനെ യോഗം തീരുമാനിച്ചു. എട്ടുപേരെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാക്കി. തൃത്താല ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ശ്രീകൃഷ്‌ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ, മണ്ണാർക്കാട്‌ ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, വടക്കഞ്ചേരി ഏരിയ സെക്രട്ടറി വി രാധാകൃഷ്ണൻ, കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ രമാധരൻ, അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി കെ ഷിബി കൃഷ്‌ണ, ജോയിന്റ്‌ സെക്രട്ടറി എ എൻ നീരജ്‌ എന്നിവരാണ്‌ ക്ഷണിതാക്കൾ. ഞായർ വൈകിട്ട്‌ പാലക്കാട്‌ മുനിസിപ്പൽ സ്‌റ്റേഡിയം പരിസരത്ത്‌ നടന്ന റാലിയിൽ അരലക്ഷത്തോളംപേർ പങ്കെടുത്തു. കനത്ത മഴ അവഗണിച്ചും ജനം ഒഴുകിയെത്തി. യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ അധ്യക്ഷനായി.

a

വി ചെന്താമരാക്ഷൻ ജില്ലാ സെക്രട്ടറി ​

പാലക്കാട്‌

വി ചെന്താമരാക്ഷനെ സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയായി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ്‌ പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്‌. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവുമാണ്‌ ചെന്താമരാക്ഷൻ. കാവശേരി ആനമാറിയിൽ പരേതരായ എ വി വെള്ളാണ്ടി – ജാനകി ദന്പതികളുടെ മകനായി 1960 ൽ ജനിച്ചു. ബിരുദപഠനകാലത്ത്‌ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്നു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. യുവജന നേതാവെന്ന നിലയിൽ നിരവധി സമരപോരാട്ടങ്ങൾക്ക്‌ നേതൃപരമായ പങ്കുവഹിച്ചു. പൊലീസ്‌ മർദനത്തിനും ഇരയായി. ക്യൂബ സന്ദർശിച്ച യുവജന സംഘത്തിൽ അംഗമായിരുന്നു. സിപിഐ എം കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. 2001 മുതൽ 2016 വരെ ആലത്തൂർ, കൊല്ലങ്കോട്‌, നെന്മാറ മണ്ഡലങ്ങളിൽനിന്ന്‌ നിയമസഭയിലെത്തി. ജനകീയ എംഎൽഎ എന്ന നിലയിൽ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നു. വിവിധ നിയമസഭ കമ്മിറ്റികളിലും അംഗമായിരുന്നു. ഭാര്യ: ഗീത. (ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക്‌).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home