Deshabhimani

ലേബർ കോഡ്‌ നിർദേശങ്ങൾ 
ഭരണഘടനാ വിരുദ്ധം: ജെ മേഴ്‌സിക്കുട്ടിയമ്മ

സിഐടിയു ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ

സിഐടിയു ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ

വെബ് ഡെസ്ക്

Published on Oct 05, 2026, 02:02 AM | 1 min read

കായംകുളം

തൊഴിലാളിദ്രോഹ ലേബർ കോഡ്‌ നിർദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന്‌ സിഐടിയു അഖിലേന്ത്യ വൈസ്‌പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അതാണ്‌ വി ഡി സതീശൻ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. തൊഴിലാളികളെ കൊള്ളയടിക്കാൻ കുത്തകകൾക്ക്‌ നിയമപരമായി അധികാരം നൽകുകയാണ്‌ ലേബർ കോഡുകളിലൂടെ കേന്ദ്ര സർക്കാർ. എം സുരേന്ദ്രൻ നഗറിൽ (കായംകുളം ജിഡിഎം ഓഡിറ്റോറിയം) സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. അവകാശത്തിനായി പണിമുടക്കിയാൽ, തൊഴിലാളി സമരങ്ങളെ പിന്തുണച്ചാൽ രാജ്യദ്രോഹക്കുറ്റം ചുമത്തും. മിനിമം കൂലി, തുല്യജോലിക്ക്‌ തുല്യവേതനം തുടങ്ങിയ അടിസ്ഥാന ആശയങ്ങൾപോലും അട്ടിമറിക്കുന്നു, അത്‌ ഭരണഘടനാ വിരുദ്ധമാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ലേബർ കോഡ്‌ നടപ്പാക്കിയപ്പോൾ കേരളം, ബംഗാൾ, തമിഴ്‌നാട്‌, അസം സംസ്ഥാനങ്ങൾ പ്രതിരോധം തീർത്തു. ബംഗാളിലും അസമിലും ബിജെപിയും കേരളത്തിൽ കോൺഗ്രസും തമിഴ്‌നാട്ടിൽ ടിവികെയും അധികാരത്തിൽവന്നതിന്‌ പിന്നാലെ ലേബർകോഡ്‌ നടപ്പാക്കാൻ കേന്ദ്രം ശ്രമം തുടങ്ങി.വോട്ടവകാശം അട്ടിമറിച്ച്‌ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. ഭരണഘടനയെ അട്ടിമറിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ തെരഞ്ഞെടുപ്പ്‌ കമീഷനെ ഉപയോഗിച്ച്‌ വോട്ടർപട്ടിക അട്ടിമറിച്ചു. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെട്ടു– അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home