ഏകോപനം പാളുന്നു; കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഹമ്മദ് റിയാസ്

നിപാ ബാധിത പ്രദേശങ്ങളിലുള്ളവർക്ക് ആശ്വാസമേകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കൺട്രോൾ റൂമിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന പി എ മുഹമ്മദ് റിയാസ് എംഎൽഎ
കോഴിക്കോട്
നിപാ പ്രതിരോധ പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയിൽ പ്രതിഷേധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. രോഗബാധിത പ്രദേശങ്ങളിൽ സമ്പർക്കവിലക്കുള്ളവരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഫോണിൽ വിളിച്ച് ധൈര്യം നൽകണമെന്ന ആവശ്യം ആരോഗ്യവകുപ്പ് അധികൃതർ നിരാകരിച്ചതോടെയാണ് എംഎൽഎ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം റിയാസ് കൺട്രോൾ റൂം സന്ദർശിച്ചിരുന്നു. സമ്പർക്ക നിരോധിത മേഖലകൾ പ്രഖ്യാപിക്കണമെന്നും സമ്പർക്കവിലക്കുള്ളവരുടെ പട്ടിക സ്ഥലം എംഎൽഎ എന്ന നിലയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. ശനി രാവിലെയും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. കൺട്രോൾ റൂമിലിരുന്ന് ആളുകളെ വിളിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. നേരത്തെ നിപാ സ്ഥിരീകരിച്ച സാഹചര്യത്തിലെല്ലാം ജനപ്രതിനിധികൾ നേരിട്ട് ആളുകളെ വിളിച്ചിരുന്നു. ഇത്തവണ അത് വേണ്ടെന്നും പ്രതിപക്ഷ എംഎൽഎ കൺട്രോൾ റൂമിലിരുന്ന് ആളുകളെ വിളിക്കേണ്ടതില്ലെന്നുമാണ് ഭരണനേതൃത്വം ഉദ്യോഗസ്ഥരെ അറിയിച്ചത്. മുൻകാലങ്ങളിൽ കക്ഷിരാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികൾ രോഗബാധിത മേഖലയിലുള്ളവരുമായി സംസാരിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തിരുന്നു. ഇക്കുറി അത് വിലക്കാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു. എംഎൽഎ കുത്തിയിരുന്ന് പ്രതിഷേധമാരംഭിച്ചതോടെ കലക്ടർ എം എസ് മാധവിക്കുട്ടി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. ഫോൺ വിളിക്കുന്നത് അനുവദിക്കേണ്ടെന്നാണ് മുകളിൽനിന്നുള്ള നിർദേശമെന്ന് അവർ അറിയിച്ചു. പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസിലെ ഉദ്യോഗസ്ഥരുമായും അഡീഷണൽ ഡിഎച്ച്‌എസുമായും ആരോഗ്യമന്ത്രിയുമായും അദ്ദേഹം ചർച്ച നടത്തിയെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. നിപാ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധത്തിലേക്ക് താൻ പോകുന്നില്ലെന്നും എന്നാൽ, ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ തുറന്നുപറയുമെന്നും റിയാസ് പറഞ്ഞു. വിവരമറിഞ്ഞ് ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, സിപിഐ എം നേതാക്കളായ സി പി മുസാഫർ അഹമ്മദ്, എം ഗിരീഷ്, കെ ബൈജു തുടങ്ങിയവരും സ്ഥലത്തെത്തി.










0 comments